എടിഎം ഉപയോഗത്തിന് നല്‍കിയിരുന്ന ഇളവുകള്‍ തുടരില്ല; എടിഎം ചാര്‍ജ്ജിനെ പേടിച്ച് ഉപയോക്താക്കള്‍; വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ വഷളാകും

single-img
3 January 2017

നോട്ട് അസാധുവാക്കല്‍ അമ്പത് ദിവസം പിന്നിട്ടപ്പോള്‍ എടിഎം ചാര്‍ജ്ജുകള്‍ക്ക് ആര്‍ബിഐ അനുവദിച്ചിരുന്ന ഇളവുകള്‍ അവസാനിച്ചിരിക്കുകയാണ്. ഡിസംബര്‍ 31 വരെയായിരുന്നു ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റമില്ലാതായതോടെ എടിഎം ചാര്‍ജ്ജുകളെ പേടിച്ചാണ് ജനം ഇപ്പോള്‍ കഴിയുന്നത്.

അതേസമയം നിശ്ചിത തവണയ്ക്ക് ശേഷം എടിഎം വഴി നോട്ട് പിന്‍വലിക്കുമ്പോഴുള്ള സര്‍വീസ് ചാര്‍ജ്ജ് കുറച്ചിട്ടുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു. ആയിരം രൂപ വരെ പിന്‍വലിക്കുമ്പോള്‍ 2.5 രൂപയും 2000 രൂപ വരെ പിന്‍വലിക്കുമ്പോള്‍ 10 രൂപയുമാണ് ചാര്‍ടഡജ്ജ് ഈടാക്കുക. 2012ല്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിയപ്പോള്‍ മുതല്‍ 2000 രൂപ വരെ പിന്‍വലിക്കുന്നതിന് .75 ശതമാനവും 2000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിന് 1 ശതമാനവും ആണ് ചാര്‍ജ്ജ് ഈടാക്കിയിരുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം ബാങ്കുകള്‍ എടിഎം ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിരുന്നു. രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനരഹിതമായപ്പോള്‍ ഇത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് ശേഷം ഈ ചാര്‍ജ്ജുകള്‍ വീണ്ടും തിരികെയെത്തിയിരിക്കുന്നതാണ് ജനങ്ങളെ പേടിപ്പിക്കുന്നത്. അഞ്ച് തവണ മാത്രമാണ് ഇതോടെ സൗജന്യമായി എടിഎം ഉപയോഗിക്കാന്‍ സാധിക്കുക. അതിന് ശേഷം എടിഎം ഉപയോഗത്തിന് ബാങ്കുകള്‍ ചാര്‍ജ്ജ് ഈടാക്കും.

അതേസമയം രാജ്യത്ത് ആകെയുള്ളതില്‍ 20 ശതമാനം എടിഎം കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമെന്ന് എടിഎം സര്‍വീസ് ട്രാന്‍സാക്ഷന്‍ പ്രോസസിംഗ് പ്രസിഡന്റ് വി ബാലസുബ്രഹ്മണ്യം പറയുന്നു. മുഴുവന്‍ എടിഎം കൗണ്ടറുകളും പ്രവര്‍ത്തന സജ്ജമല്ലാത്തതും ഏത് തരം നോട്ടുകളാണ് ലഭ്യമെന്ന് അറിയാതെ എടിഎം ഉപയോഗിക്കേണ്ടി വരുന്നതും മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തവണ എടിഎം ഉപയോഗിക്കേണ്ടി വരുന്നുണ്ട്.

പ്രതിദിനം 4500 രൂപയേ പിന്‍വലിക്കാന്‍ സാധിക്കൂവെന്നതിനാലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തവണ എടിഎം ഉപയോഗിക്കേണ്ടതായി വരും. ഇതിനാലാണ് എടിഎം ചാര്‍ജ്ജുകളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുന്നത്. ഡിസംബര്‍ 31ന് ശേഷം എടിഎം ചാര്‍ജ്ജ് ഇളവ് നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും റിസവ് ബാങ്ക് ഇപ്പോള്‍ മൗനത്തിലാണ്. കേന്ദ്രസര്‍ക്കാരും ധനമന്ത്രാലയവും ഇത് സംബന്ധിച്ച് പുതിയ ഉത്തരവുകളൊന്നും ഇറക്കിയിട്ടുമില്ല.

ഇന്ന് മുതല്‍ ശമ്പളം ലഭിച്ചു തുടങ്ങുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ എടിഎം ഉപയോഗതതില്‍ വന്‍തോതിലുള്ള വര്‍ദ്ധനവായിരിക്കും ഉണ്ടാകുക. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.  വരുംദിവസങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്.