ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പ്രധാനമന്ത്രിയുടെ ആപ്പ്; ലോകം ഈ ആപ്പിനായി ഗൂഗിളില്‍ തിരയുമെന്ന്

single-img
30 December 2016

ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബൈദ്ക്കറിന്റെ സ്മരണാര്‍ത്ഥം ഭീം ആപ്പ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഡല്‍ഹി തല്‍കാടോറ സ്‌റ്റേഡിയത്തില്‍ നടന്ന ‘ഡിജിധന്‍’ മേളയില്‍ വച്ചാണ് ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. നിങ്ങള്‍ ഇന്റര്‍നെറ്റിലോ സ്മാര്‍ട്ട് ഫോണിലോ പരിചിതരല്ലെങ്കില്‍ കൂടിയും നിങ്ങളുടെ വിരല്‍ നിങ്ങളുടെ ബാങ്കായി ഈ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുമെന്നാണ് മോഡി പറയുന്നത്. കൂടാതെ ഈ ആപ്ലിക്കേഷന്‍ മികവ് തിരിച്ചറിയുന്ന ലോകം മുഴുവനായി ഇതിനായി ഗൂഗിളില്‍ തിരയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഡിസംബര്‍ ഇരുപത്തിയാറിന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജനത്തിന് ഏറെ ഉപകാരപ്രദമായ ആപ്പായിരിക്കും ഇതെന്നും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും സഹായം ചെയ്യുമെന്നും മോഡി അന്ന് അറിയിച്ചിരുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാകുന്നതോടെ അഴിമതിക്ക് കൂച്ച് വിലങ്ങിടാന്‍ സാധിക്കുമെന്നാണ് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്. പുതുവത്സരത്തോട് അനുബന്ധിച്ച് നാളെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പദ്ധതികള്‍ അന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ആവശ്യപ്പെട്ടിരുന്ന അമ്പത് ദിവസത്തെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.