നോട്ട് പ്രതിസന്ധി: ബജറ്റ് ജനുവരിയില്‍ ഇല്ല; ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
30 December 2016

 

സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ നോട്ട് പ്രതിസന്ധി മൂലം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ മാത്രമേ ബജറ്റ് അവതരണം സാധ്യമാകൂവെന്നാണ് അദ്ദേഹം അറിയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷം മാത്രമേ സംസ്ഥാന ബജറ്റ് തയ്യാറാക്കാന്‍ സാധിക്കൂ. ഇത്തവണ ബജറ്റ് അവതരണം നേരത്തെയാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അപ്രതീക്ഷിതമായി നോട്ട് നിരോധന പ്രഖ്യാപനമുണ്ടായതോടെ തീരുമാനം നടപ്പാക്കാനാകാതെ വരികയായിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് മന്ത്രി ഇന്ന് രാവിലെ വ്യക്തമാക്കി.

പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും അതേസമയം ബാങ്കില്‍ നിന്നും പണം നോട്ടുകളായി പിന്‍വലിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നോട്ട് ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1,391 കോടി രൂപയാണ് കേരളത്തില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ആവശ്യമായുള്ളത്. ഇതില്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകുകയുള്ളൂവെന്ന് ആര്‍ബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. മൂന്നാം തിയതി മുതല്‍ 13-ാം തിയതി വരെയാണ് കേരളത്തില്‍ ശമ്പളം നല്‍കുന്നത്.