കാലമേ മറന്നുവോ.. നിര്‍ഭയയെ; ഈ രാത്രിയിലാണ് അവള്‍ ലോകത്തോട് വിട പറഞ്ഞത്

single-img
29 December 2016


ഡിസംബര്‍ 29ന്റെ തണുത്ത രാത്രിയിലാണ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞത്. പുറത്തിറങ്ങിയാല്‍ കാമഭ്രാന്ത് തീര്‍ക്കുന്ന ചില വൃത്തികെട്ട പുരുഷ വര്‍ഗ്ഗത്തിന്റെ നാവുകളാല്‍, നീലം ബാധിച്ച കണ്‍കളാല്‍, കറപുരണ്ട കൈകളാല്‍ ‘അവള്‍’ വേട്ടയാടപ്പെട്ടു. അവള്‍ക്ക് നിയമങ്ങളാല്‍ ചുറ്റപ്പെട്ട സമൂഹത്തിലെ ഒരു നീതിയും കിട്ടിയില്ല.

ഡല്‍ഹി നഗരത്തില്‍ 2012 ഡിസംബര്‍ 16നു രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ എന്ന വൈദ്യവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കഥ ഭാരതം മറക്കില്ലൊരിക്കലും. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് അവള്‍ മരിക്കുകയായിരുന്നു.

പെണ്‍കുട്ടിയും സുഹൃത്തുംകൂടി ദക്ഷിണ ഡെല്‍ഹിയില്‍ മുനീര്‍ക്കയില്‍ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്ലൈന്‍ ബസ്സിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പാരാമെഡിക്കല്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടി ഡെല്‍ഹിയില്‍ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബര്‍ 16ന് ദക്ഷിണ ഡെല്‍ഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററില്‍ സിനിമകണ്ടതിനുശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒപ്പം പോയതായിരുന്നു സുഹൃത്ത്. ബസ്സിലുണ്ടായിരുന്ന ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവര്‍ പെണ്‍കുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയില്‍ അക്രമികള്‍ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് 11 മണിയോടെ ഇരുവരേയും അര്‍ദ്ധനഗ്നരായി റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികള്‍ കടന്നുകളഞ്ഞു. ഒരു വഴിപോക്കനാണ് ഇരുവരെയും കണ്ട് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഈ കഥ അങ്ങനെ നീളുന്നു. വലിച്ചെറിയപ്പെട്ടു അവള്‍. നീതിയുടെ കണിക പോലും ബാക്കി വെക്കാതെ കടിച്ചു കീറി ആ ശരീരത്തെ കാമ ഭ്രാന്തന്മാര്‍.

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ട ബലാല്‍സംഘം ചെയ്യപ്പെട്ട അവളെ മാധ്യമങ്ങള്‍ നിര്‍ഭയയെന്ന് വിളിച്ചു. തുടര്‍ന്ന് അതിനെതിരെ പ്രതിഷേധവും ആളി കത്തിയിരുന്നു. കാമവെറി തീര്‍ക്കുന്ന ഇത്തരം പുരുഷ മൃഗങ്ങള്‍ക്ക് മനസാക്ഷിയുടെ കോടതിയില്‍ ഒരു ശിക്ഷയെ ഉള്ളൂ മരണം. അര്‍ഹതയില്ല ഇത്തരം വര്‍ഗ്ഗങ്ങള്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍. പെണ്ണേ ഞാനും നിങ്ങളും ഒറ്റയ്ക്കാണ്. നമ്മുടെ സുരക്ഷ നമ്മള്‍ക്കൊരുക്കാം. ഒരു നിയമങ്ങളിലും നമ്മള്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് ഒരു നാടിന്റെ, സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്.

ഡല്‍ഹി പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗത്തിനിരയായപ്പോള്‍ ഡല്‍ഹിയിലെ തെരുവുകള്‍ അസ്വസ്ഥമായി പ്രതിഷേധം ആളിപ്പടര്‍ന്നു. ഭരണകര്‍ത്താക്കളുടെ നിസംഗത ചോദ്യം ചെയ്യപ്പെട്ടു. ആ പെണ്‍കുട്ടിയ്ക്ക് വേണ്ടി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പ്രത്യാഘാതങ്ങളോര്‍ക്കാതെ ദിവസങ്ങളോളം ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളെ തൃണവല്‍ഗണിച്ച് തെരുവിലിറങ്ങി. എന്നിട്ടുമവള്‍ മരണമെന്ന മഹാമൗനത്തിലേക്ക് സ്വയം നടന്ന് നീങ്ങി.

2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ചാണ് ഒരു പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് 23 കാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനും ക്രൂര പീഢനത്തിനും ഇരയാക്കിയത്. നിര്‍ഭയ ജ്യോതി ട്രസ്റ്റ് രൂപീകരിച്ചെങ്കിലും, സര്‍ക്കാരും അധികാരികളും തങ്ങളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമസഹായവും പുനഃരധിവാസവും പ്രദാനം ചെയ്യുന്നതിനായി ആരംഭിച്ച ലാഭേച്ഛയില്ലാത്ത സംഘടനയാണ് നിര്‍ഭയ ജ്യോതി ട്രസ്റ്റ്. സംഭവത്തില്‍ പങ്കാളിയായ കുട്ടിക്കുറ്റവാളിയെ ബാലനീതി ബോര്‍ഡ് മൂന്ന് വര്‍ഷത്തേക്ക് സന്മാര്‍ഗ്ഗ പാഠശാലയിലേക്ക് അയച്ചു.ഇപ്പോള്‍ അയാള്‍ സ്വതന്ത്രനാണ്. ബലാല്‍സംഗത്തിന് ശേഷം ആറ് അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 800 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. എന്നിട്ടും ഡല്‍ഹി കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പെരുകുകയാണ്.

ഇനി പെണ്ണ് അവതാരമാകണം. പുരാണ കഥയിലെന്നപോലെ നീച പുരുഷനെ ധൈര്യത്താല്‍ സംഹരിക്കാന്‍ പെണ്ണ് അവതാരമാകണം. സമൂഹം നിന്നെ വലിച്ചെറിയും. നീയൊറ്റക്കാണ്. ഉയരുക.. പൊരുതുക..