സൗദി പൗരന്റെ കാരുണ്യത്തില്‍ നജ്‌റാനില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും ഇളവ്; മോചനം എട്ട് വര്‍ഷത്തെ തടവിന് ശേഷം

single-img
29 December 2016

 

സൗദി പൗരന്റെ കാരുണ്യം കൊണ്ട് നജ്‌റാനില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ചു. കോടതി വിധിച്ച പിഴ ഈടാക്കാന്‍ സൗദി സ്വദേശി സഹായിച്ചതാണ് വധശിക്ഷയില്‍ നിന്നും മോചനം ലഭിക്കാന്‍ കാരണം.

സൗദി സ്വദേശിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ സ്വദേശിയെ കൊലപ്പെടുത്തിയ കുറ്റത്തിനായിരുന്നു വധശിക്ഷ. നജ്‌റാനില്‍ തോട്ടത്തില്‍ ജോലി ചെയ്യുന്ന ശൃാബൂര്‍ ലംബാദിരി എന്ന ഇന്ത്യക്കാരനാണ് കോടതി വിധിച്ച വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ചത്. എട്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന് ശേഷം ഇത്രയും കാലം ഇയാള്‍ വിധി നടപ്പാക്കുന്നതും കാത്തിരിക്കുകയായിരുന്നു. ശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തതോടെ ബിന്‍ ഖുറൈഅ അല്യാജമി എന്ന വ്യാപാരി രംഗത്തെത്തുകയും കൊല്ലപ്പെട്ട സൗദി സ്വദേശിയുടെ ബന്ധുക്കളുമായി സംസാരിക്കുകയുമായിരുന്നു.

പ്രതിക്ക് മാപ്പ് കൊടുത്താല്‍ 13 ലക്ഷം റിയാല്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കോടതിയെ സമീപിച്ച ബന്ധുക്കള്‍ ഇന്ത്യക്കാരന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെയാണ് പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.