മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ആള്‍ ദൈവം പിടിയില്‍

single-img
28 December 2016

mumbai-rape-759
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റിലായി. സീതിവാലെ ബാബ എന്നറിയപ്പെടുന്ന ഗുലാം മൊഹമ്മദ് റഫീഖ് ഷെയ്ഖാണ് പിടിയിലായത്. മുംബൈയിലെ കിഴക്കന്‍ പ്രാന്തപ്രദേശമായ മാന്‍കുര്‍ദില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡിസംബര്‍ 23നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂന്ന് മാസമായി ഷെയ്ഖ് ഒളിവിലായിരുന്നു. ബൈന്‍ഗന്‍വാഡിയിലെ ശിവാജി നഗര്‍ സ്വദേശിയായ ഷെയ്ഖ് കര്‍ബാല മൈതാനിയിലെ ദര്‍ഗയിലാണ് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്.

സെപ്തംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകീട്ട് 6.30ന് മൈതനത്തേക്ക് കളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 7.30ഓടെ ദര്‍ഗയിലേക്ക് ചെന്ന പെണ്‍കുട്ടിയെ ഷെയ്ഖ് ദര്‍ഗയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അയാള്‍ പെണ്‍കുട്ടിയെ തന്റെ മടിയില്‍ ഇരുത്തുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തു. സംഭവം ചിലര്‍ കണ്ടതോടെ ഷെയ്ഖ് ഓടിരക്ഷപ്പെട്ടു.

സംഭവത്തിന്റെ ദൃക്സാക്ഷികളാണ് കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് കുട്ടിയും കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ മാന്‍കുര്‍ദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത് അറിഞ്ഞ പ്രതി മുങ്ങുകയായിരുന്നു. മകന്‍ താമസിക്കുന്ന ശിവജി നഗറിലും ഇയാള്‍ എത്തിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ജെറാവോ പട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് മൂന്ന് മാസത്തോളം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഷെയ്ഖിന്റെ മകന്‍ താമസം വരെ മാറി. ഒരു മാസത്തോളം ഉത്തര്‍പ്രദേശില്‍ തങ്ങിയ പ്രതി പിന്നീട് മുംബൈയിലേക്ക് തിരിച്ചെത്തി. ഡിസംബര്‍ 23ന് ശിവജി നഗറിലെ മകന്റെ പുതിയ വീട്ടിലേക്ക് എത്തിയ ഷെയ്ഖിനെ അവിടെ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സമയത്ത് ഷെയ്ഖ് രണ്ട് തവണ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതി രണ്ട് ജാമ്യാപേക്ഷയും തള്ളി. കോടതിയില്‍ ഹാജരാക്കിയ ഷെയ്ഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.