പേര് മാറ്റിയാല്‍ തീവ്രവാദിയാവുന്ന കേരളം; ഗസറ്റ് വിഞ്ജാപനം വഴി പേര് മാറ്റിയാലും പേര് തിരുത്തി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല

single-img
27 December 2016

 

the-gazette-of-india

തിരുവനന്തപുരം: ഗസറ്റ് വിഞ്ജാപനം വഴി പേര് മാറ്റിയാലും പേര് തിരുത്തി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. നിയമപരമായി പേരു മാറ്റുന്നവര്‍ന്നവരെ സംശയത്തോടെ കാണുന്ന കേരളമാണിത്. പേര് നിയമപരമായി മാറ്റിയാലും അത് തങ്ങളുടെ എല്ലാ രേഖകളിലും മാറ്റിക്കിട്ടുന്നതിന് വേണ്ടി ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയെന്നതാണ് നിയമം. ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പു ചേര്‍ത്ത് അപേക്ഷിച്ചാലും പേര് മാറ്റിയവര്‍ക്ക് അത് എസ്എസ്എല്‍സി, +2 സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ മാറ്റി നല്‍കാതെ ഈ നിയമം തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് പരീക്ഷാ ബോര്‍ഡിന്റെയും ഹയര്‍ സെക്കന്ററി ബോര്‍ഡിന്റെും അധികൃതരുടെ നടപടികള്‍. മറ്റ് രേഖകളിലെല്ലാം പേര് മാറ്റി നല്‍കുമ്പോഴും എസ്എസ്എല്‍സി, +2 സര്‍ട്ടിഫിക്കറ്റുകളില്‍ പേര് മാറ്റി നല്‍കാത്തത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം എന്ന സന്നദ്ധ സംഘടന.

പരാതിയില്‍ പരീക്ഷാ ഭവനോടും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിനോടും വിശദീകരണം ചോദിച്ചിരിക്കുകയണ് മനുഷ്യാവകാശ കമ്മീഷന്‍. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റിലെ ജനന തീയതി തിരുത്തി നല്‍കും, വിലാസം തിരുത്തി നല്‍കും, സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍ പുതിയത് നല്‍കും. എന്നാല്‍ നിശ്ചിത തുകയടച്ച് കേരള ഗസ്സറ്റ് വിഞ്ജാപനം വഴി പേര് മാറ്റിയവരുടെ പേര് മാത്രം തിരുത്തി നല്‍കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന പരീക്ഷാ ഭവനും ഹയര്‍ സെക്കന്ററി ബോര്‍ഡും പറയുന്നത്.

മറ്റ് രേഖകളായ റേഷന്‍ കാര്‍ഡ,് പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ,് ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവക്കെല്ലാം നിശ്ചിത തുകയടച്ച് ഗസ്സറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പും ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചാല്‍ പേര് മാറ്റിക്കൊടുക്കുന്നതാണ്. എസ്എസ്എല്‍സി, +2 സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രം പേര് മാറ്റി നല്‍കില്ലെന്ന് മാത്രമല്ല പേര് മാറ്റുന്നതിനായി ചെല്ലുമ്പോള്‍ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരെയും പരാതികളുണ്ട്.

ഉപരിപഠനത്തിനോ ജോലിക്കോ അപേക്ഷിക്കുബോള്‍ ബന്ധപ്പെട്ട രേഖകളും ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. പേര് മാറ്റിയ വിവരം ശ്രദ്ധയില്‍പ്പെട്ടുന്ന അധികാരികള്‍ പിന്നെ പേര് മാറ്റിയതിനെക്കുറിച്ചാകും ചോദ്യങ്ങള്‍ മുഴുവനും. മുസ്ലിം പേരോ മുസ്ലിം പേരിനോട് സാദൃശ്യമുള്ള പേരോ ആണെങ്കില്‍ പേര് മാത്രമാണോ മാറിയത്, മതം മാറിയോ, തീവ്രവാദ ബന്ധം വല്ലതുമുണ്ടോ എന്നുള്ള അനാവശ്യ ചോദ്യങ്ങള്‍ വരെ ചോദിക്കും.

പേര് മാറ്റിയവര്‍ ജോലിക്കപേക്ഷിച്ച് അഭിമുഖത്തിന് ഹാജരാകുമ്പോള്‍ അവരുടെ എസ്എസ്എല്‍സി മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും, പേര് വ്യത്യസ്തമാണെന്ന് കണ്ടാല്‍ പിന്നെ ഗസറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയാലും ചോദ്യങ്ങള്‍ മുഴുവന്‍ പേര് മാറ്റാനുള്ള കാരണങ്ങളെക്കുറിച്ചായിരിക്കും. ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ പേര് പെണ്‍കുട്ടികളുടെ പേരുമായി സാമ്യമുണ്ടെന്നോ പെണ്‍കുട്ടികള്‍ക്ക് തിരിച്ചോ തോന്നി പേര് മാറ്റിയാലും ചോദ്യങ്ങള്‍ തുടരും.

പേര് മാറ്റിയവര്‍ വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനോ ജോലിക്കോ പോകുമ്പോള്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കെഷന് ഇതിനെക്കാള്‍ വലിയ ചോദ്യങ്ങള്‍ അഭിമുഖികരിക്കെണ്ടിവരും. ഇത്തരം ചോദ്യങ്ങള്‍ ഇവരുടെ മനോവീര്യം കെടുത്തുന്നതാണ്. പേര് മാറ്റിയവരെ സംശയത്തിന്റെ നിഴലിലാണ് പലപ്പോഴും കാണപ്പെടുന്നത്.

സര്‍ട്ടിഫിക്കറ്റുകളില്‍ പേര് മാറ്റി നല്‍കില്ലെന്നു പറയുന്നതിന് എന്ത് അടിസ്ഥാനമാണു ഉള്ളതെന്നാണ് പരാതിക്കാര്‍ ചോദിക്കുന്നത്. പേര് തിരുത്തി നല്‍കുന്നതു കൊണ്ട് സര്‍ക്കാരിന് ഒരു നഷ്ടവുമുണ്ടാകുന്നില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നിയമാനുസൃതം സ്വന്തം പേര് മാറ്റാന്‍ ഒരു വ്യക്തിക്ക് ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഭരണഘടന ഒരു പൗരന് നല്‍കുന്ന അവകാശം തടയാന്‍ ആര്‍ക്കും അധികാരമില്ല. ഗസറ്റ് വിജ്ഞാപനത്തിന്റെ സാധുതയെത്തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നത്.