നരേന്ദ്ര മോഡി കോഴ വാങ്ങിയെന്നതിന്റെ തെളിവുകള്‍: ആധികാരികത ശരിവച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

single-img
24 December 2016

swamy

പ്രധാനമന്ത്രി കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന തെളിവുകളുടെ ആധികാരികത പരോക്ഷമായി ശരിവച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ മോഡിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ഉയര്‍ത്തിക്കാട്ടിയ ആദായ നികുതി റെയ്ഡിന്റെ രേഖകളുടെ ആധികാരികതയാണ് സുബ്രഹ്മണ്യന്‍ സ്വാമി ശരിവച്ചിരിക്കുന്നത്.

സ്വാമിയുടെ ഒരു ട്വീറ്റാണ് ഈ രേഖകള്‍ ആധികാരികമാണെന്ന സൂചന നല്‍കുന്നത്. മന്ത്രിസഭയുടെ കൈവശമുള്ള ഈ രഹസ്യ രേഖകള്‍ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷണം നടത്താന്‍ അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെടുന്നതാണ് ട്വീറ്റ്. ‘മന്ത്രാലയത്തിന്റെ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഐടി റെയ്ഡ് രേഖകള്‍ എങ്ങനെയാണ് ബുദ്ദുവിന്(രാഹുല്‍ ഗാന്ധിയെ പരാമര്‍ശിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി ഉപയോഗിക്കുന്ന വാക്ക്) ലഭിച്ചതെന്ന് അറിയാന്‍ അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണത്തിന് ഉത്തരവിടണം. ആരാണ് ഇത് ബുദ്ദുവിന് നല്‍കിയെന്ന് ഞങ്ങള്‍ക്ക് അറിയണം’ എന്നാണ് സ്വാമിയുടെ ട്വീറ്റ്.

നവംബര്‍ 19നാണ് മോഡിക്കെതിരെ ആരോപണം ഉന്നയിക്കുന്ന രേഖകള്‍ ഇപിഡബ്ല്യൂ പുറത്തുവിട്ടത്. സുപ്രിംകോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ വഴി മോഡിക്കെതിരെ ഹര്‍ജി നല്‍കിയ കോമണ്‍ കോസ് എന്ന എന്‍ജിഒയിലെ അംഗമാണ് വാര്‍ത്ത പുറത്തുവിട്ട പരന്‍ജോയ് ഗുഹ തകുര്‍ത. ഐടി റെയ്ഡല്‍ നിന്നും കിട്ടയ രേഖകള്‍ വ്യക്തമാക്കുന്നത് മോഡിക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും വന്‍തുക ലഭിച്ചിട്ടുണ്ടെന്നാണെന്നായിരുന്നു തകുര്‍ത റിപ്പോര്‍ട്ട് ചെയ്തത്.

സാമ്പത്തിക ക്രമക്കേട് കേസില്‍ ജയിലില്‍ കഴിയുന്ന സുബ്രത റോയിയുടെ സഹാറ ഗ്രൂപ്പില്‍ നിന്നും മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 40 കോടി വാങ്ങിയതിന്റെ രേഖകളാണ് ഇവ. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് തവണകളിലായാണ് മോഡി ഇത്രയും പണം വാങ്ങിയത്.

2014 നവംബര്‍ 22ന് സഹാറ ഗ്രൂപ്പിന്റെ ഡല്‍ഹിയിലെയും നോയ്ഡയിലെയും ഓഫീസുകളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്. ഈ രേഖകളെയാണ് സുബ്രഹ്മണ്യം സ്വാമി പരോക്ഷമായി അംഗീകരിച്ചിരിക്കുന്നത്.