എറണാകുളം ഡിസിസിയിലെ ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ല; ഡിസിസി പ്രസിഡന്റിന് സ്വീകരണമൊരുക്കിയതിന്റെ പേരിലും തമ്മിലടി

single-img
24 December 2016

എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദിന് ഐ ഗ്രൂപ്പ് നേതാവ് ജമാല്‍ മണക്കാടന്റെ വീട്ടിലൊരുക്കിയ സ്വീകരണത്തില്‍ നിന്നും

എറണാകുളം ഡിസിസി പ്രസിഡന്റ് ടിജെ വിനോദിന് ഐ ഗ്രൂപ്പ് നേതാവ് ജമാല്‍ മണക്കാടന്റെ വീട്ടിലൊരുക്കിയ സ്വീകരണത്തില്‍ നിന്നും

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനായി നടത്തയ പുനസംഘടനയും പുതിയ ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും ഫലം കാണുന്നില്ല. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ഗ്രൂപ്പുപോര് വീണ്ടും രൂക്ഷമായിരിക്കുന്നത്. ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി ജെ വിനോദിന് സ്വീകരണമൊരുക്കിയതില്‍ അതൃപ്തി ഉയര്‍ന്നതോടെയാണ് ജില്ലയിലെ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായെന്ന് വ്യക്തമായത്.

dcc2

ഡിസിസി പ്രസിഡന്റി ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടില്‍ സ്വീകരണമൊരുക്കിയതിനെതിരെ എ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് എഐസിസിയ്ക്ക് അവര്‍ പരാതി നല്‍കിയിരിക്കുകയാണ്. കളമശ്ശേരി നിയോജമണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ടി ജെ വിനോദ് യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് മുന്‍ കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജമാല്‍ മണക്കാടന്റെ വീട്ടില്‍ ഐ ഗ്രൂപ്പ് ഒരുക്കിയ സ്വീകരണത്തിലും രഹസ്യ യോഗത്തിലും പങ്കെടുത്തതാണ് വിവാദമായത്. നിലവിലെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണെതിരെ മോശമായി സംസാരിച്ചതിന്റെ പേരില്‍ കെപിസിസി നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കടപ്പള്ളി, ജമാല്‍ മണക്കാടന്റെ ഭാര്യയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ റുഖിയ ജമാല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വീമോള്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഡിസിസി പ്രസിഡന്റിനെ സ്വീകരിച്ചത്. ഇവരെ കൂടാതെ ആറോളം ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും റിബലായി മത്സരിച്ച് ജയിച്ച കൗണ്‍സിലര്‍മാരും, ഐ ഗ്രൂപ്പ് നോമിനികളായി പുതിയതായി തെരഞ്ഞെടുക്കപെട്ട കര്‍ഷക കോണ്‍ഗ്രസ്, ന്യൂനപക്ഷ കോണ്‍ഗ്രസ് ഭാരവാഹികളും പങ്കെടുത്തു. സ്വീകരണത്തിനും രഹസ്യയോഗത്തിനും ശേഷം ജമാല്‍ മണക്കാടനും ഐ ഗ്രൂപ്പ് നേതാക്കളോടൊപ്പമാണ് നിയോജമണ്ഡലം നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ ഡിസിസി പ്രസിഡന്റ് എത്തിയത്.

dcc3നേരത്തെ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തുറന്ന പോരിനു ഇറങ്ങിയതും ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കിയതും വിവാദമായിരുന്നു. അതിന് ശേഷം കെപിസിസി ഇടപെട്ട് എ ഗ്രൂപ്പുകാരിയായ ജെസ്സി പീറ്ററെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കുകയും ചെയ്തു. അന്ന് മുതല്‍ എ, ഐ ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം നടത്തുകയും കൗണ്‍സില്‍ യോഗത്തില്‍ ചില ഐ വിഭാഗം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പൊതുജന മധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകുമെന്നുള്ള പരാതിയില്‍ നിരവധി തവണ കെപിസിസി, ജില്ലാ നേതൃത്വങ്ങള്‍ അനുരഞ്ജന ശ്രമങ്ങളും നടത്തിയിരുന്നു.

dcc4

സ്വീകരണത്തിനും രഹസ്യ യോഗത്തിനും ശേഷം ഐ ഗ്രൂപ് പ്രവര്‍ത്തകര്‍ തന്നെയാണ് സ്വീകരണം നല്‍കുന്നതിന്റെയും നേതൃയോഗത്തില്‍ സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എഐസിസി കേരളത്തിലെ 14 ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തപ്പോള്‍ എ ഗ്രൂപ്പിന് പ്രാതിനിധ്യം കുറഞ്ഞെന്ന് ആരോപണമുയര്‍ന്നപ്പോള്‍ നേതാക്കളുടെ കഴിവ് നോക്കിയാണ് തെരഞ്ഞെടുത്തതെന്നും ഗ്രൂപ്പ് നോക്കിയല്ലന്നുമാണ് എഐസിസി വിശദീകരണം നലകിയത്. ഡിസിസി പ്രസിഡന്റ് ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ആളായി പ്രവര്‍ത്തിക്കേണ്ട ആളല്ലെന്നും ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടിലൊരുക്കിയ സ്വീകരണവും രഹസ്യ യോഗവും പാര്‍ട്ടി നിലപാടിനെതിരെയാണെന്നും ചൂണ്ടിക്കാട്ടിയാണ് കളമശ്ശേരിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഐഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.

dcc5 dcc6