ബിജെപി വിട്ട നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും; സിദ്ദുവിനെ ക്യാപ്റ്റനാക്കി കോണ്‍ഗ്രസിന്റെ ടീം ഉടന്‍ പ്രഖ്യാപിക്കും

single-img
24 December 2016

navjot-singh-sidhu-1

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായിരുന്ന നവജ്യോത് സിംഗ് സിദ്ദു അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഭാര്യ നവജ്യോത് കൗര്‍ സിദ്ദു അറിയിച്ചു. നവജ്യോത് കൗര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഈസ്റ്റ് അമൃത്സര്‍ സീറ്റിലായിരിക്കും സിദ്ദു മത്സരിക്കുകയെന്നും ഉറപ്പായിട്ടുണ്ട്.

അതേസമയം സിദ്ദുവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ബിജെപി വിട്ട സിദ്ദു ആവാസെ ഇ പഞ്ചാബ് എന്ന സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. സിദ്ദുവിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണ് ശ്രമം നടത്തിയത്. ഇരു പാര്‍ട്ടികളും അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ദു നടത്തിയ ചര്‍ച്ചയാണ് കോണ്‍ഗ്രസിലേക്കുള്ള അദ്ദേഹത്തിന്റെ പോക്കില്‍ നിര്‍ണായകമായത്. രാഹുലുമായി സിദ്ദു അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതായി നവജ്യോത് കൗര്‍ അറിയിച്ചു. ഇതിലാണ് സിദ്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വവും തീരുമാനമായത്. ബിജെപി എംഎല്‍എയായിരുന്ന കൗര്‍ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് സീറ്റ് കിട്ടാനിടയില്ല. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ സീറ്റ് നല്‍കൂവെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യം ഉറ്റുനോക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും അധികാരം പിടിക്കാനാണ് കോണ്‍ഗ്രസും ആംആദ്മിയും എന്‍ഡിഎയും ശ്രമിക്കുന്നത്. 117 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 48 അംഗങ്ങളാണ് ഉള്ളത്. സിദ്ദുവിനെ തങ്ങളുടെ ക്യാമ്പില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പച്ചിട്ടുണ്ട്.