ദേശീയ, സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടണമെന്ന കോടതി ഉത്തരവ്; 110 ഔട്ടലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍

single-img
24 December 2016

bevco

ദേശീയ, സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 110 ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി എച്ച് വെങ്കിടേഷ് അറിയിച്ചു. ഒരുമാസത്തിനകം എല്ലാ ഔട്ട്‌ലെറ്റുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രിംകോടതി വിധി പകര്‍പ്പ് പരിശോധിച്ച നിയമവകുപ്പിന്റെ ഉപദേശത്തോടെയാണ് പുതിയ തീരുമാനം. ഇതിന്റെ ആദ്യപടിയായി പാലക്കാട് കൊടുവായൂരിലെ ഔട്ട്‌ലെറ്റ് എട്ടന്നൂരിലേക്ക് മാറ്റി. പാതയോരത്തെ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബവ്‌കോ ആദ്യം ശ്രമിച്ചത്. ബിവറേജസ് കോര്‍പ്പറേഷന് കീഴിലുഴള്ള 270 മദ്യശാലകളില്‍ 110 എണ്ണമാണ് സുപ്രിംകോടതി വിധി അനുസരിച്ച് മാറ്റിസ്ഥാപിക്കേണ്ടി വരിക. ചെറിയ സംസ്ഥാനമായ കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പുനപരിശോധന ഹര്‍ജി നല്‍കാന്‍ ബവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി വിധിയോട് അനുഭാവം പ്രകടപ്പിച്ച സാഹചര്യത്തില്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ തന്നെ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു.

പുതിയ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കുള്ള സ്ഥലം കണ്ടെത്താന്‍ ബവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം മദ്യവില്‍പ്പന ശാലകളോട് പ്രാദേശിക തലത്തിലുണ്ടാകുന്ന എതിര്‍പ്പ് പുതിയ സ്ഥലം കണ്ടെത്തുന്നതില്‍ കോര്‍പ്പറേഷന് വെല്ലുവിളിയാകും. മാര്‍ച്ച് 31നകം ഉചിതമായ സ്ഥലം ലഭിച്ചില്ലെങ്കില്‍ പല മദ്യശാലകളും പൂട്ടേണ്ടി വരും.

കോര്‍പ്പറേഷന് പുറമെ കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 36 ഔട്ട്‌ലെറ്റുകളില്‍ പകുതിയോളം മാറ്റിസ്ഥാപിക്കണം. നാനൂറോളം ബിയര്‍, വൈന്‍ പാര്‍ലറുകള്‍, പത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയെയും വിധി ബാധിക്കും. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പലതും പൂട്ടിപ്പോകാനാണ് സാധ്യതയെന്ന് എക്‌സൈസ് വകുപ്പ് തന്നെ പറയുന്നു. മാറ്റിസ്ഥാപിക്കേണ്ട മുഴുവന്‍ മദ്യശാലകളുടെയും ലിസ്റ്റ് ഉടന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.