3,600 കോടി രൂപ ചിലവിൽ ഛത്രപതി ശിവജി സ്മാരകം നിർമ്മിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ; തറക്കല്ലിടാൻ മോദി, തീരുമാനം വിവാദത്തിൽ

single-img
23 December 2016
ഛത്രപതി ശിവജി സ്മാരകം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിനു കടപ്പാട്: എഗിസ്

ഛത്രപതി ശിവജി സ്മാരകം ചിത്രകാരന്റെ ഭാവനയിൽ. ചിത്രത്തിനു കടപ്പാട്: എഗിസ്

മുംബൈ: 3,600 കോടി രൂപ ചിലവിൽ ഛത്രപതി ശിവജിക്കു സ്മാരകം നിർമ്മിക്കാനുള്ള മഹാരാഷ്ട സർക്കാരിന്റെ തീരുമാനം വിവാദമാവുന്നു. മുംബൈ തീരത്തിനു സമീപമുള്ള ദ്വീപിൽ പണിയുന്ന സ്മാരകത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്നും അറിയുന്നു.

15 ഏക്കർ സ്ഥലത്തു പണിയുന്ന 210 മീറ്റർ ഉയരമുള്ള സ്മാരകത്തിന്റെ ആദ്യ ഘട്ടത്തിനുമാത്രം 2,500 കോടി രൂപ ചെലവാകുമെന്നു കണക്കാക്കപ്പെടുന്നു. അതേസമയം, ഇത്രയും പണം സ്മാരകത്തിനായി ചെലവഴിക്കുന്നതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. പദ്ധതിക്ക് ഉപയോഗിക്കുന്ന പണം മുംബൈയ്ക്കും സംസ്ഥാനത്തിനാകെയും മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാൻ ഉപയോഗിക്കാമെന്നാണ് വിമർശകര്‍ ഉയർത്തുന്ന വാദം.

കഴിഞ്ഞ വർഷം വരൾച്ചയെത്തുടർന്ന് കാർഷിക നഷ്ടം വന്ന സോയാ ബീൻ, പരുത്തി കർഷകർക്കു നൽകാനുള്ള 1000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഇതുവരെ നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ ദൂർത്തെന്നതാണ് സമസ്ത മേഖലകളിൽനിന്നും സർക്കാരിനു വിമർശനം നേരിടേണ്ടി വരുന്നതിനുള്ള മറ്റൊരു കാരണം.

നാലു വർഷത്തെ വരൾച്ചയ്ക്കുശേഷം സംസ്ഥാനത്തെ കാർഷികമേഖല ഉയിർത്തെഴുന്നേൽക്കാൻ കഷ്ടപ്പെടുകയാണ്. റാബി സീസണിൽ ഉണ്ടായ നഷ്ടത്തെത്തുടർന്ന് വിള ഇൻഷുറൻസായി 800 കോടി രൂപയും സർക്കാർ കർഷകർക്കു നൽകേണ്ടതായുണ്ട്.

മാത്രമല്ല നിലവിൽ സംസ്ഥാനത്തിന്റെ കടം 3.33 ലക്ഷം കോടിയാണെന്നും വിമർശനമുയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.