മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നത്; അറസ്റ്റിലായവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും എസ്എഫ്‌ഐ

single-img
21 December 2016

maharajas2

എറണാകുളം മഹാരാജാസ് കോളേജില്‍ ചുവരെഴുത്ത് നടത്തിയതിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് എസ്എഫ്‌ഐ രംഗത്ത്. കുരീപ്പുഴയുടെ കവിതയാണ് ചുവരിലെഴുതിയതെന്നത് തെറ്റായ മാധ്യമ പ്രചരണമാണെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാചകങ്ങളാണ് എഴുതിയിരുന്നതെന്നാണ് അറിഞ്ഞതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ അറിയിച്ചു.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, രാകേഷ്, ആനന്ദ് വിനീഷ്, ജിതിന്‍, ഷിജാസ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് എസ്എഫ്‌ഐയ്ക്ക് കിട്ടിയ വിവരമെന്നും വിജിന്‍ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള ഒരു കടന്നുകയറ്റത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. കാരണം ക്യാമ്പസുകള്‍ എല്ലാക്കാലത്തും കഥകളും കവിതകളും നോവലുകളുമെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്. അത് പലതരത്തില്‍ പ്രകടിപ്പിക്കാറുമുണ്ട്. അത്തരം പ്രകടനങ്ങള്‍ അതിരുകടക്കുകയാണെങ്കില്‍ കോളേജിന്റെ അധികാരി എന്ന നിലയില്‍ പ്രിന്‍സിപ്പലിന് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളിലേക്ക് പോലീസിനെ ഇടപെടുത്തുന്നതിനോട് യോജിപ്പില്ല.

maharajas5

പക്ഷെ അത് പറയുമ്പോള്‍ തന്നെ ക്യാമ്പസിനകത്ത് ഇതിന്റെ മറവില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ എടുക്കുക തന്നെ വേണമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്. എന്നാല്‍ മഹാരാജസിനകത്തുണ്ടായ സംഭവത്തില്‍ രണ്ട് വിഷയത്തെ പുറത്ത് ഒന്നായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് എസ്എഫ്‌ഐ മനസിലാക്കുന്നത്. കുരീപ്പുഴ ശ്രീകുമാറിന്റെ കവിത എഴുതിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്‌തെന്നാണ് വാര്‍ത്ത പുറത്തുവരുന്നത്. കുരീപ്പുഴയുടെ കവിത എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പ്രിന്‍സിപ്പല്‍ കേസ് കൊടുത്തിട്ടുണ്ടെങ്കിലും അതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലുള്ള ഇടപെടലുകളുടെ പേരിലാണ് ഇവിടെ അറസ്റ്റ് നടന്നിരിക്കുന്നത്. അവര്‍ ഉപയോഗിച്ച വാക്കുകളും എല്ലാം പോസ്റ്റര്‍ സഹിതം വാട്‌സ്ആപ്പ് വഴി ലഭ്യമായിട്ടുണ്ട്. യേശുക്രിസ്തുവിനെതിരെ മോശം പരാമര്‍ശം നടത്തിയ ഈ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് എസ്എഫ്‌ഐയ്ക്ക് കിട്ടിയ വിവരം. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതാണ്. എസ്എഫ്‌ഐ നിലപാടെന്നും വിജിന്‍ അറിയിച്ചു.

maharajas3

അറസ്റ്റിലായവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണെന്നും കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അശ്വിന്‍ നേരത്തെ അറിയിച്ചിരുന്നു. ക്യാമ്പസിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഒരുമാസം മുമ്പ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നും ചുവരെഴുത്തുകള്‍ എഴുതിയതിനല്ലെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രിന്‍സിപ്പല്‍ പറയുന്നത് പോലെ മോശമായതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ എഴുത്തുകള്‍ കോളേജിലെവിടെയുമില്ലെന്നാണ് അശ്വിന്‍ പറഞ്ഞത്. ഇത് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പറയുന്നതില്‍ നിന്നും നേര്‍വിപരീതമാണ്.

അതേസമയം ക്യാംപസില്‍ ചുവരെഴുത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിഡിപിപി ചുമത്തി ജയിലില്‍ ഇട്ടതിനെതിരെ ഇന്ന് വൈകിട്ട് മഹാരാജാസ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിക്കും. സംഗീത ബാന്‍ഡായ ഊരാളിയും പ്രതിഷേധവുമായി രംഗത്തുണ്ട്.

maharajas4 maharajas1