നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ഇനിയും രണ്ട് മാസം കൂടിയെടുക്കുമെന്ന് എസ്ബിഐ; മോഡി പറഞ്ഞ അമ്പത് ദിവസം പൂര്‍ത്തിയാകാന്‍ ഇനി ഏഴ് ദിവസം മാത്രം

single-img
21 December 2016

 

rs-500-new-note-759

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് മാസം കൂടി എടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അറിയിച്ചു. എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് പ്രശ്‌നങ്ങള്‍ ഫെബ്രുവരിയോടെയേ പരിഹരിക്കപ്പെടൂവെന്ന് കണ്ടെത്തിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് അമ്പത് ദിവസം കൊണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യുമെന്നാണ്.

നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ കണക്കാക്കിയാല്‍ ഈ അമ്പത് ദിവസം പൂര്‍ത്തിയാകേണ്ടത് ഡിസംബര്‍ 28നാണ്. അതായത് ഇനി കേവലം ഏഴ് ദിവസം മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞ സമയം തീരാന്‍ ഉള്ളത്.

രാജ്യത്തെ വിവിധ സെക്യൂരിറ്റി പ്രസുകളില്‍ നോട്ട് അച്ചടി വേഗതയില്‍ പുരോഗമിക്കുകയാണ്. ഇതനുസരിച്ച് അസാധുവാക്കിയ നോട്ടുകളുടെ മൂല്യത്തിലുള്ള അമ്പത് ശതമാനം നോട്ടുകള്‍ ഡിസംബര്‍ അവസാനിക്കുന്നതോടെ വിപണിയിലെത്തും. എങ്കില്‍ പോലും നിലവിലെ നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല. അതേസമയം ജനുവരിയോടെ 75 നോട്ടുകള്‍ വിപണിയിലെത്തുമെന്നും ഫെബ്രുവരിയോടെ അസാധുവാക്കിയ നോട്ടുകളുടെ അതേ മൂല്യത്തിലുള്ള നോട്ടുകള്‍ പൂര്‍ണമായും വിപണിയിലെത്തിക്കാനാകുമെന്നുമാണ് എസ്ബിഐ പഠനം വിലയിരുത്തുന്നത്.

ഇതിനിടെ ഡിസംബര്‍ അവസാനത്തോടെ ആവശ്യത്തിന് പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ വിപണിയിലെത്തുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇതോടെ രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വന്‍തോതില്‍ പരിഹാരമാകുമെന്നും എസ്ബിഐ ചീഫ് എക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തിഘോഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതേസമയം അസാധുവാക്കിയ നോട്ടുകളുടെ മൂല്യത്തിലുള്ള നോട്ടുകള്‍ പൂര്‍ണമായും വിപണിയില്‍ മടങ്ങിയെത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചത്. ഡിജിറ്റല്‍ മണി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

കൃഷിയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളെയാണ് നോട്ട് നിരോധനം ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കടുത്ത പ്രതിസന്ധിയില്‍ കഴിയുന്നത്.