മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ നാദീറിനെ വിട്ടയച്ചു: തെളിവില്ലെന്ന് പോലീസ്

single-img
20 December 2016

nadeer

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെ വിട്ടയച്ചു. നദീറിനെതിരെ മതിയായ തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് വിട്ടയച്ചത്. നദീറിന്റെ അറസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് വിട്ടയക്കല്‍ നടപടി. ദേശീയഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എഴുത്തുകാരന്‍ കമല്‍സിയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് ആറളം പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രി തന്നെ നദീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്ന് നാദീറിനെതിരെ പോലീസ് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാമിലെത്തി ആദിവാസികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നുമാണ് നദീറിനെതിരായ കേസ്.

എന്നാല്‍ ആറളം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നദീറിന്റെ പേരില്ലായിരുന്നു. കണ്ടാലറിയുന്ന മൂന്ന് പേരില്‍ ഒരാള്‍ നദീറാണെന്നും നദീറിനെ ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നുമായിരുന്നു പൊലീസിന്റെ ഭാഷ്യം. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിശിത വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രാവിലെ രംഗത്തുവന്നിരുന്നു.