എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ മോഡിയെ വിമര്‍ശിച്ചു; മധ്യവയസ്‌കന് ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് മര്‍ദ്ദനം

single-img
20 December 2016

bankq

എടിഎമ്മിന് മുന്നിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തിയ മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം. ഡല്‍ഹിയിലെ ജയ്ത്പുരിലാണ് സംഭവം. ലല്ലന്‍ സിംഗ് കുശ്വാഹ എന്ന 45കാരനാണ് ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് മര്‍ദ്ദനമേറ്റത്.

ടെലിവിഷന്‍ വാങ്ങുന്നതിനായി പണം പിന്‍വലിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. നീളമേറിയ ക്യൂവില്‍ ജനങ്ങള്‍ ഉന്തും തള്ളും കൂടുന്നത് കണ്ട് പ്രധാനമന്ത്രിയെയും സര്‍ക്കാരിന്റെ നോട്ട് പരിഷ്‌കരണത്തെയും ലല്ലന്‍ സിംഗ് വിമര്‍ശിച്ചതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

നോട്ട് നിരോധനത്ത തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ ദുരിതത്തിനെല്ലാം കാരണമെന്നുമാണ് ഇയാള്‍ അഭിപ്രായപ്പെട്ടത്. ഇത് കേട്ടു നിന്ന എടിഎമ്മിനടുത്ത് കട നടത്തുന്ന ആസ്തിക് എന്നയാള്‍ പ്രകോപിതനാകുകയും ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. വാക്കേറ്റത്തിന് ശേഷം കടയില്‍ നിന്നും സ്റ്റംപ് എടുത്തു കൊണ്ട് വന്നായിരുന്നു മര്‍ദ്ദനം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലല്ലന്‍ സിംഗിന്റെ തലയില്‍ രണ്ട് സ്റ്റിച്ചുണ്ട്. ഇരുവരും പരിചയക്കാരാണെന്നും ആസ്തികിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ജയ്പൂര്‍ പോലീസ് അറിയിച്ചു.