തേടാനറിയാതെ തേങ്ങുകയായിരുന്നു ആ വൃദ്ധന്‍; തെരുവോരത്ത് അനാഥനായി അലഞ്ഞ ജര്‍മ്മന്‍കാരനെ ജീവിതത്തിലേക്ക് തിരികെ നടത്തി മലയാളി വിദ്യാര്‍ത്ഥി

single-img
19 December 2016

ami-thilak

തിരുവനന്തപുരം: ചായക്കടയുടെ പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന വൃദ്ധന്റെ കണ്ണുകളില്‍ തളം കെട്ടികിടക്കുന്ന സങ്കടങ്ങളുടെ ആഴമളന്നത് മലയാളി മിടുക്കനാണ്. പാസ്പോര്‍ട്ടും രേഖകളും നഷ്ടപ്പെട്ട് മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ 72കാരനായ ജര്‍മ്മന്‍ സ്വദേശിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് അമി തിലക് എന്ന ജേണലിസം വിദ്യാര്‍ത്ഥി.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ പ്രിന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് പാലോട് ഭരതന്നൂര്‍ സ്വദേശിയായ അമി തിലക്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസിക്കുന്ന അമി കഴിഞ്ഞ ദിവസം ഹോസ്റ്റലിനടുത്തുള്ള ചായക്കടയിലെത്തിയപ്പോഴാണ് വൃത്തിഹീനമായ വേഷത്തില്‍ ഒരു വൃദ്ധനെ കാണുന്നത്. ചപ്പുചവറുകള്‍ വാരിയെടുക്കുകയായിരുന്നു അയാള്‍. അദ്ദേഹത്തിന്റെ മുഖം തേങ്ങുകയായിരുന്നു..

ആ മുഖം കണ്ടപ്പോള്‍ അമിക്ക് മറ്റു പലരെയും പോലെ വെറുതേ പോകാന്‍ തോന്നിയില്ല. വൃദ്ധനെപ്പറ്റിയുള്ള വിവരങ്ങള്‍ ചായക്കടക്കാരനോട് ചോദിച്ചു. അയാള്‍ക്കും ഒന്നുമറിയില്ല. രണ്ടു ദിവസമായി ഈ പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്നു മാത്രം പലരും പറഞ്ഞു. ഇതോടെ അമി വൃദ്ധനോട് സംസാരിക്കാന്‍ ശ്രമിച്ചു. അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യങ്ങള്‍ ചോദിച്ചു. മിസറ്റര്‍ ഹോളി എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. യാത്രക്കിടയിലെവിടെ വെച്ചോ, പാസ്പോര്‍ട്ടും, മറ്റു രേഖകളും നഷ്ടമായ കഥകള്‍ അയാള്‍ പറഞ്ഞു. നാടു മുഴുവന്‍ അലഞ്ഞുനടന്ന് പാതി ഭ്രാന്തനായി മാറിയിരുന്നു അയാള്‍. അമി ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു.

പോലീസ് വൃദ്ധനെ അമിയുടെ സഹായത്തോടെ തിരുവനന്തപുരത്തെ ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രത്തിലെത്തിച്ചു. പോലീസിനോട് അനുസരണക്കേട് കാട്ടിയ വൃദ്ധന്‍ പക്ഷേ അമിക്കു മുന്നില്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ നിന്നു. ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ സഹയാത്തോടെ ഉടന്‍ തന്നെ ഹോളി നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ഈ വൃദ്ധന്റെ കഥ പുറം ലോകത്തെ അറിയിച്ച അമിയുടെ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മലയാളി യുവത്വത്തിന്റെ മനുഷ്യത്വം മരവിച്ചിട്ടില്ല. ആ വൃദ്ധന്റെ കണ്ണുകളിലൂടെ അമി കണ്ടത് ഒരു ലോകത്തെയാണ്. വൃദ്ധരായ മാതാപിതാക്കളെ കണ്ടാല്‍ അതെന്റെ അഛനാണ്, അമ്മയാണ് എന്ന് പറയാന്‍ മടിക്കുന്ന ലോകമാണിത്. പക്ഷേ അപ്പോഴും മനുഷ്യത്വം മരിക്കാത്ത മനസ്സുകളുണ്ടെന്നാണ് അമി ഓര്‍മപ്പെടുത്തുന്നത്.