സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പാളത്തിനിടയിലേക്ക് വീണ യുവാവിന്റെ പാദം അറ്റുപോയി; യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ തടഞ്ഞുവെച്ചു

single-img
19 December 2016

kani

കഴക്കൂട്ടം: സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിന്‍ എടുത്തതിനെത്തുടര്‍ന്നു പ്ളാറ്റ്ഫോമിനും പാളത്തിനുമിടയില്‍ തെന്നിവീണ യുവാവിന്റെ ഇടത്തേ കാലിന്റെ പാദത്തിനു മുകളില്‍ വച്ചു അറ്റുപോയി. വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രമേശന്‍ (38) ആണ് അപകടത്തില്‍പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രമേശന്റെ മുറിഞ്ഞുമാറിയ കാല്‍ തുന്നിച്ചേര്‍ക്കാനായിട്ടില്ല.

ഇന്നലെ രാവിലെ 8.10ന് രമേശന്‍ ഉള്‍പ്പെടെയുള്ള നാല്‍പതംഗ സംഘം കൊല്ലത്തു മയ്യനാട്ടുള്ള പുല്ലുചിറ ദേവാലയത്തിലെ തിരുനാളില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു തിരിച്ച പാസഞ്ചര്‍ ട്രെയിനില്‍ കയറി. കണിയാപുരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഏതാണ്ട് അന്‍പതോളം പേര്‍ ഇറങ്ങാനുണ്ടായിരുന്നു. രമേശന്‍ ഇറങ്ങുമ്പോള്‍ സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്നു ട്രെയിന്‍ മുന്നോട്ടുപോയി.

അതിനിടയില്‍ പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങിയ രമേശന്‍ കാല്‍വഴുതി പ്ളാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാവുകയായിരുന്നു. ഇടത്തേ കാല്‍ ട്രെയിനിനിടയില്‍പെട്ടു പാദത്തിനു മുകളില്‍ വച്ചു മുറിഞ്ഞുമാറി. അപകടം കണ്ടിട്ടും റെയില്‍വേ പൊലീസിന്റെയോ റെയില്‍വേ ജീവനക്കാരുടെയോ ഭാഗത്തുനിന്നു രമേശനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നില്ലെന്നു യാത്രക്കാരും നാട്ടുകാരും പറയുന്നു.

രമേശനോടൊപ്പം യാത്രചെയ്തിരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഇതില്‍ ക്ഷുഭിതരായി റെയില്‍വേ ഗാര്‍ഡിനെയും പൊലീസിനെയും തടഞ്ഞുവച്ചു. അതിനിടയില്‍ ആരോ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്, ചികിത്സകിട്ടാതെ 20 മിനിറ്റോളം പ്ളാറ്റ്ഫോമില്‍ കിടന്ന രമേശനെ സ്വകാര്യ ആംബുലന്‍സ് വിളിച്ചു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

ട്രെയിന്‍തട്ടി പാദം ചതഞ്ഞുപോയതിനാല്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ പാദം തുന്നിച്ചേര്‍ക്കാനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ കണിയാപുരം സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിടേണ്ടിവന്നു. നാട്ടുകാര്‍ ട്രെയിന്‍ തടഞ്ഞിട്ടുവെന്നാരോപിച്ചു റെയില്‍വേ പൊലീസ് നാട്ടുകാരായ ചിലരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്.