ഡിജിറ്റല്‍ പണമിടപാട് നടത്താത്ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശാസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

single-img
16 December 2016

image_1468556966578866a69ebf5

ഹൈദരാബാദ്: ഇനിയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ പണമിടപാടില്‍ ഏര്‍പ്പെടാത്തതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശാസിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വളരെ കുറച്ചു പേര്‍ മാത്രമേ കാര്‍ഡ് വഴി പണമിടപാട് നടത്തുന്നുള്ളൂ എന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ ശാസന.

മന്ത്രിമാരുടെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 200 ഓളം പേരെ സര്‍ക്കാര്‍ ആസ്ഥാനത്ത് വെച്ചാണ് മുഖ്യമന്ത്രി ശാസിച്ചത്. ഇതാണ് ഏറ്റവും വലിയ വെല്ലുവിളി. എല്ലാവരുടേയും മാനസികാവസ്ഥ മാറേണ്ടതുണ്ട്. മദ്യപിക്കാതെ ഒരു മദ്യപാനിക്ക് ജീവിക്കാനാകില്ല. മദ്യപിക്കണമെന്നതിനാല്‍ അയാള്‍ എങ്ങനെയെങ്കിലും പണരഹിത ഇടപാട് പഠിച്ചെടുക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

കാഷ്‌ലെസ് വിനിമയത്തിന് അനുരൂപമാകും വിധം മദ്യഷോപ്പുകള്‍ വരെ മാറി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലെ നോട്ടുദുരിതം കച്ചവടത്തെ ബാധിക്കാതിരിക്കാന്‍ മദ്യ ഷോപ്പുകള്‍ സൈ്വപ് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി.

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പതിമൂന്ന് അംഗ കമ്മിറ്റിയുടെ തലവനാണ് ചന്ദ്രബാബു നായിഡു. കമ്മിറ്റിയില്‍ മറ്റ് അഞ്ച് മുഖ്യമന്ത്രിമാരുമുണ്ട്.25 ശതമാനം പേര്‍ പോലും പണരഹിത വിനിമയത്തിലേക്ക് കടന്നിട്ടില്ല. നിങ്ങള്‍ ഇങ്ങനെയാണെങ്കില്‍ രാജ്യത്തെങ്ങനെ മാറ്റമുണ്ടാകും. അങ്ങനെ മാറ്റം ഒരിക്കലും ഉണ്ടാവില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു