ചുവടുമാറ്റി സലീം രാജ്;ഉമ്മന്‍ചാണ്ടി തന്റെ ഫോണിലൂടെ സരിതയുമായി സംസാരിച്ചിട്ടുണ്ടെന്ന് സലീം രാജ്

single-img
15 December 2016

Salimraj

കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിയുമായി സലീം രാജ് രംഗത്ത്. ഉമ്മന്‍ ചാണ്ടി സരിതയുമായി തന്റെ ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജ് വെളിപ്പെടുത്തി. സോളാര്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് സലിംരാജ് ഇക്കാര്യം പറഞ്ഞത്. താന്‍ ഡ്യൂട്ടിയിലുള്ള സമയത്ത് സരിത തന്റെ ഫോണിലേയ്ക്ക് വിളിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഫോണ്‍ നല്‍കാറുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന സലിംരാജ് ആദ്യമായാണ് ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതികൂലമായ മൊഴി നല്‍കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജിക്കുമോന്റെ ഫോണില്‍ വിളിച്ചും ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നും സലിംരാജ് മൊഴിനല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എഡിജിപി ഹേമചന്ദ്രനോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. തന്നെ കുടുക്കാനുള്ള നീക്കങ്ങളാണ് നടന്നതെന്നും സലിംരാജ് നല്‍കിയ മൊഴിയില്‍ പറയുന്നു.

സലിം രാജും സരിതയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും സോളാര്‍ കമ്മീഷന്‍ പരിശോധിച്ചു. ശബ്ദരേഖയിലെ ശബ്ദം തന്റേതുതന്നെയാണെന്ന് സലിംരാജ് കമ്മീഷനു മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. ഫോണ്‍വിളികളെക്കുറിച്ച് തന്നോട് ഇതുവരെ ആരും ചോദിച്ചില്ലെന്നും അതുകൊണ്ടാണ് മുന്‍പ് പറയാതിരുന്നതെന്നും സലിംരാജ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.