പുതിയനോട്ട് മഹാദുരന്തം തന്നെ, നിറം മങ്ങി,മഷി ഇളകി,ചുരുങ്ങി,ഇപ്പോഴിതാ പൊടിഞ്ഞു തീരുന്നു

single-img
15 December 2016

 

ruined-note-jpg-image-784-410
കണ്ണൂര്‍: റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപയുടെ പുതിയ നോട്ടിനു വീണ്ടും കാലക്കേട്. മഷി ഇളകുന്നതായും കീറിപ്പോകുന്നതായും മറ്റുമൊക്കെ ഉണ്ടായിരുന്ന വിവാദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കറന്‍സി നോട്ട് പൊടിഞ്ഞ് തീരുന്നുവെന്നാണ് പുതിയ പരാതി. തളിപ്പറമ്പ് മുക്കോലയ്ക്കു സമീപം പി സി ഷെയറെഫ എന്ന വീട്ടമ്മയ്ക്ക് ഫെഡറല്‍ ബാങ്കില്‍ നിന്ന് ലഭിച്ച 2000 രൂപയാണ് പൊടിഞ്ഞു പോകുന്നത്.

മണിക്കൂറോളം ക്യൂ നിന്ന് ബാങ്കില്‍ നിന്നും 10000 രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ച 2000 രൂപയുടെ അഞ്ച് നോട്ടുകളില്‍ ഒന്നാണ് ഇത്തരത്തില്‍ പൊടിയുന്നത്. വീട്ടിലെത്തിയപ്പോഴേക്കും നോട്ടിന്റെ വശങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ഇന്നലെ രാവിലെ ബാങ്കില്‍ ചെന്ന് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഷെരീഫ പറഞ്ഞു. നോട്ട് അവര്‍ നല്‍കിയതല്ലെന്നാണ് ബാങ്ക് അധികൃതരുടെ ഭാഷ്യം. പിന്നീട് നോട്ടുമാറാനായി എസ്ബിഐയില്‍ ചെന്നപ്പോള്‍ റിസര്‍വ്വ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടാനാണ് അവര്‍ നല്‍കിയ നിര്‍ദ്ദേശം. വിയര്‍പ്പോ, വെള്ളമോ തട്ടിയാല്‍ 2000 രൂപയുടെ നോട്ടിന്റെ നിറം മങ്ങുന്നതായും മഷി ഇളകുന്നതായും ചുരുങ്ങുന്നതായും നേരത്തെ തന്നെ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.