സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്ന് ഹൈക്കോടതി; കൊച്ചി മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി ഏഴ് ദിവസം കൂടി സമയം

single-img
15 December 2016

films-shoot

സിനിമ ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യതയും തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി. ഷൂട്ടിംഗിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സിനിമ ഷൂട്ടിംഗ് മൂലം ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ജനജീവിതം സ്തംഭിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവിടങ്ങളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഈ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി ഏഴ് ദിവസം കൂടി അനുവദച്ചിട്ടുണ്ട്. ഒരു ഹിന്ദി ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ബാസ്റ്റ്യന്‍ സ്ട്രീറ്റ്, ടവര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങളെ തടയുകയും ഇവിടുത്തെ കെട്ടിടങ്ങളില്‍ വലിയ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഷൂട്ടിംഗ് സമയത്ത് സ്‌കൂള്‍ കുട്ടികളെ തടഞ്ഞു നിര്‍ത്തിയതും വിവാദമായി. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പരാതിയുടെ എല്ലാ വശങ്ങളും പരിഗണിച്ച് പത്ത് ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. ഈ സമയത്തിനുള്ളില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും സമയം നീട്ടിനല്‍കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ഹൈക്കോടതിയിലെത്തി. ഇതു പരിഗണിക്കവെയാണ് കോടതിയുടെ പുതിയ ഉത്തരവ്.

ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്നതിനെതിരെ പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.