നോട്ട് നിരോധനം ദേശീയ ദുരന്തമായി മാറി;സാധാരണക്കാരെ കൂടുതൽ കുഴപ്പങ്ങളിലേക്കു തള്ളിയിടുന്ന ഭരണമാണ് മോദിയുടേത്: എ.കെ. ആന്റണി

single-img
14 December 2016

ANTONY_1280326f
ദില്ലി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഇതിലൂടെ ഇന്ത്യയെ ദേശീയ ദുരന്തത്തിലേക്കുമാണ് നയിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ദില്ലിയിലെ ജന്ദര്‍മന്ദിറില്‍ കേരളത്തിലെ യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും വലിയ ദേശീയ ദുരന്തമാണ് നോട്ട് അസാധുവാക്കലിലൂടെ നടത്തിയിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് ആകെ മാതൃകയായ സഹകരണ സംഘങ്ങളെ ഇത് തകര്‍ക്കുമെന്നും ആന്റണി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ തെറ്റ് തിരുത്താതെ സമരം അവസാനിപ്പിക്കില്ലെന്നും നോട്ട് അസാധുവാക്കല്‍ നടപടി പിന്‍വലിപ്പിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ആന്റണി പറഞ്ഞു.

മാത്രമല്ല യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടത്തിയത്. അതുകൊണ്ടുള്ള ദുരിതം അനുഭവിച്ചത് സാധാരണക്കാര്‍ മാത്രമായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ബാങ്കില്‍ നിഷേപിച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും എന്നാല്‍ സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് നല്‍കിയതെന്നും ആന്റണി പറഞ്ഞു.

അതിനാല്‍ ഇന്ത്യയിലെ 17 പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് സമരവുമായി പ്രതിഷേധിക്കുമെന്നും ആന്റണി വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, റേഷനരി വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ ദില്ലിയില്‍ ധര്‍ണ നടത്തുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എംപി വീരേന്ദ്രകുമാര്‍ എംപി, ആര്‍എസ്പി നേതാവ് ക പ്രേമചന്ദ്രന്‍ എംപി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവര്‍ക്കു പുറമേ യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ധര്‍ണയ്ക്കു ശേഷം യുഡിഎഫ് സംഘം ഭക്ഷ്യപൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, കേരളത്തില്‍ നിന്നുള്ള യുഡിഎഫ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് കൂടികാഴ്ച്ച നടത്തി. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിയെ അറിയിച്ചു. സഹകരണ മേഖലയില്‍ നിക്ഷേപിച്ച സാധാരണക്കാരുടെ പണം നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പു നല്‍കി.