വിഷം നല്‍കിയെന്ന് സംശയം;ജയലളിതയുടെ മരണത്തിന്റെ സത്യമറിയാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

single-img
14 December 2016

embalming-picture-of-jayalalithaa-goes-viral-on-internet-696x380

ന്യൂഡല്‍ഹി:തമിഴ് നാടിന്റെ തലൈവി ജയലളിതയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയില്‍ മരണത്തിലെ ദുരൂഹത ചൂണ്ടികാണിച്ച് ഹര്‍ജി നല്‍കിയത്. ജയലളിതയുടെ മെഡിക്കല്‍ രേഖകള്‍ കണ്ടെടുക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. വിഷം നല്‍കിയെന്ന് സംശയിക്കുന്നതായുള്ള ആരോപണവും ഹര്‍ജിക്കാര്‍ ഉയര്‍ത്തി.കേസില്‍ തീരുമാനമാകും വരെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. രണ്ട് മാസത്തിലേറെയായി നീണ്ട ജയലളിതയുടെ അപ്പോളോ ആശുപത്രിവാസത്തിന്റെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായാണ് കൈകാര്യം ചെയ്തത്. അതിനാല്‍ ആശുപത്രി രേഖകള്‍ കണ്ടെത്തണമെന്നും പരിശോധിക്കണമെന്നും ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടന ആവശ്യപ്പെടുന്നു.ജയലളിതയുടെ മരണത്തില്‍ ശശികലയുടെ ഇടപെടലുണ്ടെന്ന ആരോപണങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയിലെത്തുന്നത്
തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്തുവിടാതെ രണ്ടര മാസത്തോളം രഹസ്യ സ്വഭാവം നിലനിര്‍ത്തിയത് ദുരൂഹമായ നടപടിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പനിയും നിര്‍ജലീകരണവും മൂലം സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ആണ് അന്തരിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ മരണത്തിന് ഇടയാക്കിയത്.
ജയലളിതയുടെ മരണത്തിന് പിന്നാലെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തോഴി ശശികലയെ അവരോധിക്കാനുള്ള നീക്കത്തില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ്.