അഭയാര്‍ത്ഥികള്‍ക്ക് എന്നും ബാക്കിയാകുന്നത് വേര്‍പിരിയലുകള്‍ മാത്രമെന്ന് ഓര്‍മ്മിപ്പിച്ച് പാര്‍ടിംഗ്; ഓരോ കുടിയേറ്റങ്ങളും ഓരോ ദുരന്തങ്ങളാണ്

single-img
10 December 2016

 

parting-1

കുടിയേറ്റങ്ങള്‍, അതും യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവന്‍ മാത്രം വാരിയെടുത്തുകൊണ്ടുള്ള ഓട്ടങ്ങളാകുമ്പോള്‍ അവ ദുരന്തങ്ങളായി തീരുന്നു. ഇരുപത്തിയൊന്നാമത് ഐഎഫ്എഫ്‌കെയില്‍ ഉദ്ഘാടന ചിത്രമായി അവതരിപ്പിച്ച റഫ്താന്‍(പാര്‍ടിംഗ്) അത്തരമൊരു അനുഭവമാണ് നല്‍കുന്നത്.

എല്ലാ യാത്രകള്‍ക്കുമൊപ്പം അനിശ്ചിതത്വങ്ങളും നിഴല്‍ പോലെ കൂടെയുണ്ടാകാറുണ്ട്. ഈ അനിശ്ചിതത്വങ്ങള്‍ ചിലപ്പോള്‍ പ്രതിഫലിക്കുക ഒരു സന്തോഷമായാകാം അല്ലെങ്കില്‍ ദുഃഖമായും. ചില യാത്രകളുടെ അവസാനം നേട്ടമാണെങ്കില്‍ മറ്റു ചില യാത്രകള്‍ ബാക്കിതരുന്നത് നഷ്ടമാകാം. നവീത് മെഹ്മൂദി സംവിധാനം ചെയ്ത പാര്‍ട്ടിംഗിലെ നായകന്‍ നബിക്കും നായിക ഫെറെഷ്‌തെയ്ക്കും അവരുടെ യാത്രയും മടക്കി നല്‍കിയത് വേദനയാണ്. കാരണം അവരുടേത് വെറുമൊരു യാത്രയല്ലല്ലോ? ദുരന്തങ്ങളും ദുരിതങ്ങളും പിന്തുടരുന്ന പലായന യാത്രയായിരുന്നല്ലോ. ഇവരുടെ ജീവിതത്തിലൂടെ പലായനത്തിന്റെ അതിഭീകരാവസ്ഥയാണ് സംവിധായകന്‍ വരച്ചുകാണിക്കുന്നത്. കുടിയേറ്റ ശ്രമത്തിനിടെ മാതാപിതാക്കളില്‍ നിന്നും വഴുതി വീണ് കടലില്‍ മുങ്ങിമരിച്ച അയ്‌ലാന്‍ കുര്‍ദിയും ചിത്രത്തിലെ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

അഫ്ഗാനില്‍ നിന്നും ഇറാനിലേക്ക് കുടിയേറിയെത്തിയ നവീദ് മെഹ്മൂദി തന്റെ ആദ്യ സംവിധാന സംരംഭം തന്നെ ഈ വിഷയമാക്കിയതില്‍ തെല്ലും അത്ഭുതമില്ല. ജീവനും കയ്യില്‍പ്പിടിച്ചാണ് ഓരോ കുടിയേറ്റവുമെന്ന് അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ? ദുരിതങ്ങളും ദുരന്തങ്ങളും മാത്രം നിറഞ്ഞ പലായന യാത്രയിലേക്ക് സ്വയം എടുത്തു ചാടുന്ന ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ മാത്രമാണ് കൂട്ട്. അല്ലാതെ ആ ദുരിത പാതയിലേക്ക് ആരും ആരെയും ഒപ്പം കൂട്ടുന്നില്ല. അതിനാലാണ് എന്നും ഒന്നായിരിക്കാന്‍ നമുക്ക് പിരിയാം എന്ന് ചിത്രത്തിന്റെ അവസാനം സംവിധായകന്‍ നബിയെക്കൊണ്ട് പറയിക്കുന്നത്.

പലായന യാത്രകളുടെ ഓരോ ഇടവഴികളിലും അപ്രതീക്ഷിതമായ പലതുമായിരിക്കും സംഭവിക്കുക. അത് കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ഞെട്ടലുകള്‍ ചെറുതായിരിക്കില്ല. പാര്‍ട്ടിംഗ് എന്ന സിനിമ അതിന്റെ പ്രേക്ഷകരെയും ഓരോ നീക്കങ്ങളിലും ഇത്തരത്തില്‍ ഞെട്ടിക്കുന്നുണ്ടായിരുന്നു. പോലീസിനെ വെട്ടിച്ച് കയ്യിലുണ്ടായിരുന്നതെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഓടുന്ന നബി അഫ്ഗാനില്‍ നിന്നും ഇറാനില്‍ എത്തുമ്പോള്‍ അവന്റെ കയ്യില്‍ ബാക്കിയാകുന്നത് ഏതാനും നാണയങ്ങള്‍ മാത്രമാണ്. ഇറാനില്‍ നിന്നും അയാള്‍ക്ക് ഇനി തുര്‍ക്കിയില്‍ എത്തണം. അവിടെ നിന്നും ഗ്രീസിലേക്കും. അയാള്‍ ഇറാനില്‍ എത്തുന്നത് തന്നെ ഫെറെഷ്‌തെയെ തനിക്കൊപ്പം കൂട്ടാനാണ്. നാല് വര്‍ഷം മുമ്പ് അഫ്ഗാനില്‍ നിന്നും അവളുടെ കുടുംബം ഇറാനിലേക്ക് കുടിയേറിയപ്പോള്‍ മുതല്‍ ഇരുവരും അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും നിന്ന് സന്ദേശങ്ങിലൂടെയും ഫോണിലൂടെയും മാത്രം പ്രണയിക്കുകയാണ്.

അഫ്ഗാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങള്‍ സഹിക്കാനാകാതെയാണ് നബി പലായനം നടത്തിയിരിക്കുന്നത്. കൂടാതെ ഇയാളുടെ സഹോദരന്‍ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ ബന്ധുക്കള്‍ പകരം കൊല്ലാനായി കണ്ടുവച്ചിരിക്കുന്നത് ഇയാളെയാണ്. ഇറാനിലും അവരുടെ ബന്ധുക്കളുള്ളതിനാല്‍ തന്നെ കാമുകിയെയുമായി എത്രയും വേഗം ഇവിടെ നിന്നും നബിക്ക് രക്ഷപ്പെടുകയും വേണം.

ചെക്ക് പോയിന്റുകളില്‍ പോലീസിന്റെ പിടിയിലാകാതിരിക്കാന്‍ നബി ടെഹ്‌റാനിലെത്തുന്നത് ടൂറിസ്റ്റ് ബസിന്റെ എന്‍ജിന് സമീപമുള്ള ചെറിയ അറയിലിരുന്നാണ്. യാത്രക്കിടെ ചെറിയ വിടവിലൂടെ അവന്‍ താന്‍ പിന്നിടുന്ന കാഴ്ചകളെ നോക്കി കാണുന്നുണ്ട്. നഗരങ്ങള്‍ കടന്ന വാഹനം ടെഹ്‌റാനിലെത്തുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു കാഴ്ച അവന്‍ കാണുന്നത്. ആ കാഴ്ചയുടെ ഞെട്ടല്‍ സംവിധായകന്‍ പ്രേക്ഷകരിലെത്തിക്കുന്നത് ചെറിയൊരു പോലീസ് സൈറണിലൂടെയാണ്.

മറ്റൊരു രംഗത്ത് തങ്ങളെ ആക്രമിക്കാന്‍ വരുന്നവരില്‍ നിന്നും ഇരുവരും ഓടി രക്ഷപ്പെടുമ്പോഴും സംവിധായകന്‍ ഇതുപോലൊരു ഞെട്ടല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്. ഇരുവരും റോഡിലേക്കിറങ്ങുമ്പോള്‍ ഫെറെഷ്‌തെയെ തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ പാഞ്ഞ് പോകുന്ന ഒരു കാറിന്റെ ദൃശ്യമാണ് അത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ നില്‍ക്കുന്ന ഫെറെഷ്‌തെയിലൂടെയാണ് സംവിധായകന്‍ ആ ഞെട്ടല്‍ സാധ്യമാക്കുന്നത്.

പലായന യാത്ര പോലെ തന്നെ കാഴ്ചയുടെ ഓരോ തിരിവുകളിലും ഇത്തരത്തിലുള്ള ഞെട്ടലുകള്‍ സമ്മാനിച്ചാണ് പാര്‍ടിംഗ് പൂര്‍ത്തിയാകുന്നത്. ഒടുവില്‍ അനിവാര്യമായ വിധിയ്ക്ക് ഈ കഥാപാത്രങ്ങളെ കീഴടക്കി ആ ഞെട്ടല്‍ പൂര്‍ത്തിയാക്കുന്നു.