രാജ്യത്ത് ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത 400 പാര്‍ട്ടികളുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

single-img
8 December 2016

indiatva68307_untitled-1ദില്ലി: 400 ഓളം രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെയുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. നിലവില്‍ 1900-ത്തില്‍ അധികം രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ നോക്കുമ്പോള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുള്ള രാജ്യമാണ് ഇന്ത്യ.

ഇത്തരം പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നിലകൊള്ളുന്നതെന്ന സാധ്യതയും നസീം സെയ്ദി
അറിയിച്ചു. എന്നാല്‍, ഇത്തരം പാര്‍ട്ടികളെ കണ്ടെത്തി പേര് വെട്ടുന്നതോടെ, അവര്‍ക്ക് ലഭിച്ചിരുന്ന നികുതിയിളവുകള്‍ നഷ്ടപ്പെടുമെന്ന് സെയ്ദി വ്യക്തമാക്കി. അതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞൂവെന്ന് സെയ്ദി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്കും പാരിതോഷികങ്ങള്‍ക്കും മേല്‍ നികുതിയിളവ് ഉള്ളതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പാര്‍ട്ടികള്‍ തഴച്ച് വളരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു.

അതേസമയം, ഇത്തരം പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാകുമെന്ന് സെയ്ദി അറിയിച്ചു. റദ്ദാക്കല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുമെന്നും എന്നാല്‍ നിലവില്‍ ഇത്തരം പാര്‍ട്ടികളെ കണ്ടെത്തി ലിസ്റ്റില്‍ നിന്നു പേര് വെട്ടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ചെയ്യുന്നതെന്ന് സെയ്ദി പറഞ്ഞു.

ഇത് വരെയും ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ലിസ്റ്റ് നല്‍കാന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനെപ്പം ഇത്തരം പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭവാനകളുടെ കണക്കും ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.