ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ മരണം 97 ആയി, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

single-img
7 December 2016

unnamed-2ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി ഉയര്‍ന്നുവെന്ന് സൈനിക തലവന്‍ മേജര്‍ ജനറല്‍ തതാങ് സുലൈമാന്‍.

റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി.

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. അഞ്ചു പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷിച്ചു.

രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും മേഖലയില്‍ എത്തിയിട്ടുണ്ട്.

unnamed-1നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ സേനാ വക്താവ് സുടോപൊ പുര്‍വോ പറഞ്ഞു.

ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഭൂകമ്പത്തില്‍ 14 മുസ്ലീം പള്ളികളും ഒരു ആശുപത്രിയും തകര്‍ന്നു.

200 ഓളം കെട്ടിടങ്ങള്‍ക്ക് ഭാഗികമായും പൂര്‍ണ്ണമായും നാശം സംഭവിച്ചുവെന്നും പുര്‍വോ പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പതിനായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചിതറിയോടി.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ പ്രസിഡണ്ട് ജോക്കോ വിഡൊഡൊ അധികൃതരോട് നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തങ്ങളുടെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് രാജ്യാന്തര കുടിയേറ്റ സംഘടന പ്രസ്താവനയില്‍ അറിയിച്ചു.