കേരളത്തില്‍ നിന്നും തിരിച്ചെത്തിയ നോട്ടുകള്‍ വെറും മൂന്നര ശതമാനം മാത്രം; ബാങ്കുകള്‍ക്ക് മുന്നില്‍ നമ്മള്‍ കാണുന്ന ക്യൂ ഇനിയും നീളും

single-img
4 December 2016

demon

തിരുവനന്തപുരം: ഒരുമാസം കൊണ്ട് രാജ്യം നോട്ട് അസാധുവാക്കിയതില്‍ പൊരുത്തപ്പെട്ടു വരുന്നു. എന്നാല്‍ കേരളം ഇതുവരെ ബാങ്കിലെത്തിച്ചത് 36,341 കോടി രൂപയാണ്. അതാണെങ്കില്‍ രാജ്യത്ത് തിരിച്ചെത്തിയ പണത്തിന്റെ കേവലം മൂന്നര ശതമാനം മാത്രം. അതായത് ഈ മാസവും പണം മാറ്റിയെടുക്കാനെത്തുന്നവരുടെ ക്യൂ കേരളത്തില്‍ തുടരുമെന്ന് ചുരുക്കം. അതേസമയം മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി ഇതിനേക്കാള്‍ മോശമാകാനാണിട.

നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കിലേക്ക് തിരികെ വന്നത് ഒന്‍പതുലക്ഷം കോടി രൂപയാണ്. എന്നാല്‍ കേരളത്തിലെ ബാങ്കുകളില്‍ നിന്നും ലഭിച്ചത് വെറും മൂന്നര ശതമാനം മാത്രം. കേരളത്തില്‍ നിന്നും തിരിച്ചെത്തിയ 36,341 കോടി രൂപയില്‍ 34,956 കോടി അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ബാക്കി 1385 കോടി രൂപയുടെ നോട്ടുകളാണ് മാറ്റിയെടുത്തത്. നോട്ടു മാറ്റിയെടുക്കാന്‍ ഒരുമാസം ബാക്കി സമയമുള്ളതിനാല്‍ 10,000 കോടി രൂപ ഇനിയും ബാങ്കുകളിലേക്ക് തിരിച്ചത്തുമെന്നാണ് കരുതപ്പെടുന്നത്.

സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട നിക്ഷേപം ഇപ്പോള്‍ തന്നെ മിക്ക ബാങ്കുകളും മറികടന്നിരിക്കുകയാണ്. കിട്ടിയ പണം വായ്പ കൊടുത്ത് കൊണ്ടോ മറ്റും വര്‍ദ്ധിപ്പിക്കാത്തത് ബാങ്കുകള്‍ക്ക് തിരിച്ചടിയാകും.

ലഭിച്ച പണം കൈവശം സൂക്ഷിക്കണമെന്നും ഇതുപയോഗിച്ച് ബിസിനസ് നടത്താന്‍ പാടില്ലെന്നും റിസര്‍വ്വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. മാത്രമല്ല നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ പലിശ കൊടുക്കേണ്ടി വരും. നിഷ്‌ക്രിയമായി സൂക്ഷിക്കുന്ന പണത്തിന് പലിശ കൊടുക്കുന്നതിന് പുറമെ ജോലിഭാരം പതിന്മടങ്ങായി വര്‍ധിച്ചതോടെ തുടര്‍ന്നുണ്ടാവുന്ന അധിക ചെലവും ബാങ്കുകളെ സാരമായി ബാധിക്കും.

എന്നാല്‍ സഹകരണ ബാങ്കുകള്‍ക്കു ലഭിച്ച 973 കോടി രൂപയില്‍ 740 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കു കാരണം കണക്കില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കുകളില്‍ കെട്ടി കിടക്കുന്ന ഈ പണം സൂക്ഷിക്കുന്നതില്‍ സുരക്ഷ ഭീഷണിയും ഏറെയാണ്.

അതേസമയം എസ്ബിഐയ്ക്കു ലഭിച്ച 5420 കോടി രൂപയില്‍ 2930 കോടി രൂപ ഇടപാടുകാര്‍ പിന്‍വലിച്ചു കഴിഞ്ഞു. ഫെഡറല്‍ ബാങ്കിനു ലഭിച്ച 5171 കോടിയില്‍ 1860 രൂപയും പിന്‍വലിക്കും. റിസര്‍വ്വ് ബാങ്കിന്റെ വിലക്ക് നീങ്ങുന്നതോടെ വായ്പ നല്‍കാനും മറ്റും ബാങ്കുകള്‍ക്ക് കഴിയും.