നവംബറില്‍ പിന്‍വലിക്കപ്പെട്ടത് അഞ്ഞൂറ് കോടി ഡോളറിന്റെ വിദേശ നിക്ഷേപം; നോട്ട് അസാധുവാക്കല്‍ ഇംപാക്ട്; വരുംമാസങ്ങളില്‍ ഇതിലും കൂടും

single-img
3 December 2016

fpi

ന്യൂഡല്‍ഹി: ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പിന്‍വലിക്കപ്പെട്ടത് 500 കോടി ഡോളറിന്റെ വിദേശ നിക്ഷേപമെന്ന് കണക്കുകള്‍. നോട്ട് അസാധുവാക്കല്‍ തീരുമാനം മൂലം വരുംനാളുകളില്‍ രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.

നവംബറില്‍ മാത്രം 31,917 കോടി രൂപയുടെ(470 കോടി ഡോളര്‍) പിന്‍വലിക്കലാണ് നടന്നത്. അതേസമയം വരുമാസങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓഹരികളും കടപ്പത്രങ്ങളും ഉള്‍പ്പെടുന്ന മൂലധന വിപണിയില്‍ നിന്നാണ് ഈ പിന്‍വലിക്കല്‍ നടന്നിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിലെ നിരക്ക് വര്‍ദ്ധനവിന് കാരണമായേക്കുമെന്ന ഭീതിയാണ് പിന്‍വലിക്കലിന് പിന്നില്‍.

നവംബര്‍ ഒന്നിനും 25നും ഇടയില്‍ 15,763 കോടി രൂപയുടെ ഓഹരി നിക്ഷേപങ്ങളാണ് പിന്‍വലിക്കപ്പെട്ടത്. 16,154 കോടി രൂപയുടെ കടപ്പത്ര നിക്ഷേപങ്ങളും പിന്‍വലിക്കപ്പെട്ടു. കഴിഞ്ഞമാസം 10,306 കോടി രൂപയുടെ നിക്ഷേപം ഓണ്‍ലൈന്‍ വഴി പിന്‍വലിക്കപ്പെട്ടതോടെ തന്നെ വിദേശ വ്യക്തികളുടെ നിക്ഷേപം(എഫ്പിഐ) കുറയാന്‍ തുടറങ്ങിയിരുന്നു. ഇതോടെ ഇരുപതിനായിരം കോടി രൂപയിലേറെ നിക്ഷേപത്തിന്റെ കുറവാണ് ഓഹരി വിപണിയിലുണ്ടായത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 37,146 കോടി രൂപയുടെ വിദേശ നിക്ഷേപമുണ്ടായെങ്കിലും കടപ്പത്ര നിക്ഷേപങ്ങളില്‍ 13,278 കോടി രൂപയുടെ പിന്‍വലിക്കല്‍ ഉണ്ടായതോടെ അത് 23,868 കോടി രൂപയായി ചുരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ നിക്ഷേപം പിന്‍വലിക്കല്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഒക്ടോബറിലാണ് വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചത്.