സ്വീകാര്യത കൂടിയതോടെ ടാക്‌സി വമ്പന്മാരും നിരക്ക് കൂട്ടുന്നു; ചിരിച്ചുകൊണ്ട് കഴുത്തറക്കാന്‍ യൂബറും

single-img
2 December 2016

uber_taxi
ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി എത്തിയവരാണ് യൂബര്‍ ടാക്സികള്‍. 2014 നവംബറിലാണ് യൂബര്‍ കൊച്ചിയിലെത്തുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വന്‍ സ്വീകാര്യതായാണ് യൂബറിന് ലഭിച്ചത്. വിളിച്ചാല്‍ വിളിക്കുന്ന സ്ഥലത്തെത്തും, സുഖമായിട്ട് എസി കാറില്‍ ഒരു യാത്ര, സര്‍ എന്ന് വിളിച്ച് മര്യാദയോടെ ഡ്രൈവര്‍മാരുടെ പെരുമാറ്റം, കള്ളക്കളിയും റൂട്ട് ചുറ്റിക്കലുമില്ല. ഇതിനെല്ലാമപ്പുറം, ചാര്‍ജോ നാട്ടിലെ ഓട്ടോറിക്ഷക്കാര്‍ വാങ്ങുന്നതിനേക്കാള്‍ കുറവും. ഇതൊക്കെയായാല്‍ മലയാളിക്ക് മറ്റെന്താണ് വേണ്ടത്.

ഇതോടെ യൂബറിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു, കൊച്ചിയില്‍ എന്തിനും ഏതിനും യൂബറായി. ഓട്ടോക്കാരും ടാക്‌സിക്കാരും പലയിടത്തും ഓട്ടമില്ലാത്ത സ്ഥിതിയിലുമായി എന്നാല്‍ യൂബറും ഇപ്പോള്‍ സ്വഭവം മാറ്റി തുടങ്ങിയിരിക്കുകയാണ്. യൂബറും പണി തന്ന് തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. നിലവിലുള്ള ചാര്‍ജ് പരിഷ്‌കരിക്കാനാണ് ഈ ടാക്‌സി വമ്പന്മാരുടെ തീരുമാനം. നിലവില്‍ സമയത്തിന് ഈടാക്കുന്ന തുകയിലാണ് 50 ശതമാനം വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. ടൈം ചാര്‍ജിന് ഈടാക്കുന്ന തുകയില്‍ മാറ്റം വരുന്നതോടെ മൊത്തം തുകയിലും വലിയ മാറ്റമാണ് ഉണ്ടാകുക.

നിലവില്‍ യൂബറിന്റെ ചാര്‍ജ് ഈടാക്കുന്നത് അടിസ്ഥാന ചാര്‍ജ്, കിലോമീറ്റര്‍ ചാര്‍ജ്, ടൈം ചാര്‍ജ് എന്നിവയുടെ ആകെത്തുകയാകും ചാര്‍ജായി കൊടുക്കേണ്ടത്. മുപ്പത് മിനുട്ട് എടുത്ത് 10 കിലോമീറ്റര്‍ യാത്ര ചെയ്‌തെന്ന് കരുതുക. ബേസ് ഫെയറായ 35 രൂപയും, കിലോമീറ്ററിന് 7 രൂപവെച്ച് 70 രൂപയും മിനുട്ടിന് ഒരു രൂപവെച്ച് 30 രൂപ ടൈം ചാര്‍ജുമാകും.

ഇതില്‍ ടൈം ചാര്‍ജ് ഒരുരൂപയില്‍ നിന്ന് ഒന്നര രൂപയാക്കാനാണ് യൂബര്‍ നിശ്ചയിച്ചിരിക്കുന്നത്. വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇപ്പോഴത്തെ അടിസ്ഥാന തുക 35 രൂപയാണ്. കിലോ മീറ്റര്‍ ചാര്‍ജ് 7 രൂപയും. ടൈം ചാര്‍ജില്‍ അന്‍പത് പൈസയുടെ വര്‍ധനവാണെങ്കിലും ഇത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്. നിരക്ക് വര്‍ധിപ്പിച്ചെങ്കിലും നിലവിലെ ടാക്സി നിരക്കുകളെ അപേക്ഷിച്ച് ഇപ്പോളും യൂബര്‍ നിരക്കുകള്‍ വളരെ കുറവാണ്. പുതുക്കിയ നിരക്കും, ഇക്കാര്യം അറിയിക്കുന്ന ആപ്പ്‌നോട്ടിഫിക്കേഷനും കുത്തകകളുടെ പൊതുസ്വഭാവം തന്നെയാണ് യൂബറും ഇവിടെ പ്രകടിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

നിലവിലുള്ള സംവിധാനങ്ങളെ ഇല്ലാതാക്കി പൊതു ജനങ്ങള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ സജീവമാവും. വമ്പന്‍ ഓഫറുകള്‍ നല്‍കി സാധാരണക്കാരെ കൈയ്യിലെടുക്കും. പൊതു ജനങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊന്നിനെ ആശ്രയിക്കാന്‍ പറ്റില്ലെന്നാകും. ഇതോടെ പിന്നീട് പതിയെ പതിയെ സൗജന്യങ്ങള്‍ ഇല്ലാതാക്കും. നിരക്കുകളില്‍ വര്‍ധനവ് ഉണ്ടാക്കും. അപ്പൊഴേക്കും പഴയ സംവിധാനങ്ങളൊക്കെ തകര്‍ന്നിട്ടുണ്ടാകും. ചുരുക്കി പറഞ്ഞാല്‍ ചിരിച്ച് കൊണ്ട് കഴുത്ത് അറുക്കുക എന്ന രീതി തന്നെയാണ് ഇവിടെയും കാണാന്‍ സാധിക്കുന്നതെന്നാണ് യൂബര്‍ വിമര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.

യൂബറിനെതിരെ കൊച്ചിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയാണ് പുതിയ വര്‍ധനവെന്നതും ശ്രദ്ധേയമാണ്. നോട്ട് പ്രതിസന്ധിയിലും ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ യൂബറിന് കഴിഞ്ഞിരുന്നു. ഈ ജനപ്രീയതയ്ക്കിടയിലാണ് പുതിയ വര്‍ധനവ്. അന്‍പത് പൈസയുടെ നിസാര വര്‍ധനവ് ആണെങ്കിലും, വരാനിരിക്കുന്ന വലിയ ചൂഷണങ്ങളുടെ തുടക്കമാണിതെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.