വേണ്ടത് 300 കോടി; ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി മാത്രം; ശമ്പളം, പെന്‍ഷന്‍ വിതരണങ്ങള്‍ രണ്ടം ദിനവും ആശങ്കയില്‍

single-img
2 December 2016

treasury

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ആദ്യ ശമ്പള വിതരണത്തില്‍ രണ്ടാം ദിവസവും ബാങ്കുകളിലും ട്രഷറികളിലും ആശങ്ക തുടരുന്നു. ഇന്ന് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 320 കോടി രൂപയാണെന്നിരിക്കെ ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി രൂപ മാത്രമാണ്.

ശമ്പള വിതരണം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്നും ആവശ്യത്തിന് പണം തികയാതെ വരുന്നത് ഒരു പൊട്ടിത്തെറിയ്ക്ക് കാരണമായേക്കുമോയെന്ന ആശങ്ക ബാങ്ക്, ട്രഷറി ഉദ്യോഗസ്ഥര്‍ പങ്കുവച്ചു കഴിഞ്ഞു. റിസര്‍വ് ബാങ്ക് അടിയന്തിരമായി പണം എത്തിച്ചില്ലെങ്കില്‍ പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും പൂര്‍ണമായും തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍.

ശമ്പളം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത് 250 കോടി മുതല്‍ 300 കോടി രൂപ വരെയാണ്. 24,000 എന്ന പരിധി നിലനിര്‍ത്തി തന്നെ പരമാവധി തുകയും വിതരണം ചെയ്യാനാണ് എല്ലാ സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ട്രഷറികളില്‍ ഇന്നലെ ആവശ്യത്തിന് കറന്‍സി എത്തിയിട്ടില്ല. അതിനാല്‍ തന്നെ പല ട്രഷറികളിലും കൊണ്ടുവന്ന പണം തീര്‍ന്നിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 4.5 ലക്ഷം പെന്‍ഷന്‍കാരില്‍ 59,000 പേര്‍ മാത്രമാണ് പെന്‍ഷന്‍ വാങ്ങിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പെന്‍ഷനായി എത്തുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകും.

വിതരണത്തിനായി രണ്ട് കോടി ആവശ്യമുള്ള കോഴിക്കോട് 17 ലക്ഷം മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവിടെ ട്രഷറികള്‍ക്ക് മുന്നില്‍ വലിയ ക്യൂ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ജില്ലാ ട്രഷറികള്‍ അടക്കം 16 ട്രഷറികളാണ് കോഴിക്കോട് ഉള്ളത്. ഒരു കോടി ആവശ്യമുള്ള സ്ഥാനത്ത് 30 ലക്ഷം മാത്രമാണ് ഇന്നലെ വന്നത്. ആര്‍ബിഐ ഇന്നെങ്കിലും പണമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ട്രഷറി അധികൃതര്‍.

കൊച്ചിയില്‍ ഇന്നലെ ട്രഷറികള്‍ ആവശ്യപ്പെട്ട 20 കോടിക്ക് പകരം 10 കോടിയാണ് ബാങ്കുകള്‍ നല്‍കിയത്. തിരുവനന്തപുരത്ത് ട്രഷറികളില്‍ 12 കോടി മാത്രമാണ് ബാക്കിയുള്ളത്. പത്ത് ട്രഷറികളില്‍ ഇന്ന് പണമെത്തിയിട്ടുമില്ല. ഇതിനിടെ ഇന്നലെ അങ്കമാലി സബ് ട്രഷറിയില്‍ പണം വാങ്ങാനെത്തിയ മൂന്ന് പേര്‍ കുഴഞ്ഞു വീണു. അടിമാലി ഇരുപതേക്കര്‍ ചെരുവില്‍ വിശ്വംഭരന്‍(72), 12-ാം മൈല്‍ പാണാലി പൗലോസ്(70), ഇരുട്ടുകാനം കമ്പിലൈന്‍ മണിമന്ദിരം സുധാകരന്‍(70) എന്നിവരാണ് തളര്‍ന്നുവീണത്.

രാവിലെ പത്ത് മണി മുതല്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നിന്ന ഇവര്‍ ഉച്ചയോടെ തളര്‍ന്നു വീഴുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.