ബംഗാളില്‍ അനുമതിയില്ലാതെ സൈന്യത്തെ വിന്യസിച്ചു; രാത്രിയും ഓഫീസില്‍ തങ്ങി മുഖ്യമന്ത്രി മമത, കേന്ദ്രവുമായുള്ള പോര് മുറുകുന്നു

single-img
2 December 2016

mamta

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ബംഗാള്‍ ദേശീയ പാതയിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹന പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഇന്നലെ രാത്രി മുഴുവന്‍ ഓഫീസില്‍ തന്നെ കഴിച്ചു കൂട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉള്‍പ്പെടെ സൈന്യത്തെ വിന്യസിച്ചതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നുമാണ് മമതയുടെ ആരോപണം. രാത്രി മുഴുവന്‍ ഓഫീസില്‍ ചെലവഴിച്ച മമത താമസസ്ഥലത്തേക്ക് മടങ്ങാന്‍ വിസമ്മതിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ അടിയന്തര പത്രസമ്മേളനം വിളിച്ചാണ് താന്‍ രാത്രി ഓഫീസില്‍ തങ്ങുന്ന വിവരം മമത പ്രഖ്യാപിച്ചത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ പിന്‍വലിച്ചെങ്കിലും അവര്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മമത രാത്രിമുഴുവന്‍ ഓഫീസില്‍ തന്നെ തങ്ങി.

സാധാരണക്കാരുടെ സംരക്ഷയാണ് താനെന്നും അവരെ അരക്ഷിതരാക്കിയിട്ട് ഓഫീസില്‍ നിന്നും പോകാന്‍ തനിക്കാകില്ലെന്നും രാത്രി മുഴുവന്‍ ഇവിടെ ചെലവഴിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് തന്റെ തീരുമാനമെന്നുമാണ് മമത അറിയിച്ചത്. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ടോള്‍ ബൂത്തില്‍ നിന്നും സൈനികരെ പിന്‍വലിച്ചു. അതേസമയം ഇവരെ ഇന്ന് മറ്റിടങ്ങളില്‍ വിന്യസിക്കുമെന്നാണ് സൈനിക വക്താക്കള്‍ അറിയിക്കുന്നത്. ദേശീയ പാതയിലെ ട്രക്കുകളുടെയും ട്രെയിലറുകളുടെയും കണക്കെടുക്കുന്ന സാധാരണ പരിശീലന പരിപാടികളാണ് ബംഗാളില്‍ നടത്തയതെന്നാണ് സൈന്യം പറയുന്നത്.

അരുണാചല്‍, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലും പരിശോധന തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പ്രതികാര നടപടിയായണെന്നാണ് മമതയുടെ വാദം. ഇന്നലെ ഇന്ധനം തീരാറായിട്ടും മമത സഞ്ചരിച്ച വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അരണമണിക്കൂറോളം താമസിച്ചാണ് ഇറങ്ങാന്‍ അനുമതി നല്‍കിയത്. അതേസമയം മമതയ്ക്ക് സ്ഥിരബുദ്ധിയില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.