രാഹുല്‍ ഗാന്ധിയുടെതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടും വെബ്‌സൈറ്റും ഹാക്കര്‍മാരുടെ കൈയിലെത്തി

single-img
1 December 2016

rahul-gandhi-twitter-account-hacked
ദില്ലി: ഹാക്കര്‍മാര്‍ അരങ്ങു തകര്‍ക്കുന്ന കാലത്ത് ആര്‍ക്കും ഒരു രക്ഷയുമുണ്ടാവില്ല. രാജ്യത്ത് വീണ്ടും ഹാക്കര്‍മാരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് നേരത്തെ തന്നെ വാര്‍ത്ത പരന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടും വെബ്‌സൈറ്റും ഹാക്ക് ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ബുധനാഴ്ച്ച വൈകീട്ടാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ഇന്നു രാവിലെയാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് അധിക്ഷേപകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്നും അധിക്ഷേപ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുകയാണ്. ദില്ലി പൊലീസ് സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയിട്ടുള്ളത്. വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ടൈംലൈനില്‍ വിദ്വേഷപരമായ ഏഴ് ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഗാന്ധി കുടുംബത്തേയും കോണ്‍ഗ്രസിനേയും അധിക്ഷേപിക്കുന്ന തരത്തിലും അശ്ലീലമായതുമായ ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ അല്‍പസമയം കഴിഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്തു. ലീജിയണ്‍ എന്ന ഗ്രൂപ്പാണ് ഹാക്കിംഗിന് പിന്നിലെന്നാണ് ട്വീറ്റുകള്‍ നല്‍കുന്ന സൂചന. സാധാരണക്കാരെ കൊള്ളയടിക്കാന്‍ തനിക്കിഷ്ടമാണെന്നാണ് ഒരു ട്വീറ്റിന്റെ ഉള്ളടക്കം. ഗാന്ധികുടുംബം അഴിമതിക്കാരാണെന്ന് പറയുന്ന ട്വീറ്റും രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റുകളും അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.