പഴയ നോട്ടുകള്‍ നാളെ വരെ മാത്രമേ മാറ്റി വാങ്ങാനാകൂ; ഡിസംബര്‍ പതിനഞ്ച് വരെയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാഴ് വാക്കായി

single-img
1 December 2016

 

indian-currency

തിരുവനന്തപുരം: ഡിസംബര്‍ 15 വരെ അസാധുവാക്കിയ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ മാറ്റി വാങ്ങാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ധാനം പാഴായി. നാളെ വരെ മാത്രമേ പഴയ നോട്ടുകള്‍ മാറ്റി നല്‍കേണ്ടതുള്ളൂവെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റിനുമാണ് നാളെക്കൂടി പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഡിസംബര്‍ 15 വരെയുണ്ടായിരുന്ന സൗകര്യമാണ് വെട്ടിക്കുറച്ചത്. അതേസമയം ഇന്ന് നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ ശമ്പളം, പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ട്രഷറികളും ബാങ്കുകളും വഴിയാണ് വിതരണം നടക്കുന്നത്. രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചില ട്രഷറികളില്‍ പണം വിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ട്രഷറികളിലും പണം വിതരണം സുഗമമായാണ് നടക്കുന്നത്.

ആഴ്ചയില്‍ 24,000 രൂപ വരെയാണ് ഒരാള്‍ക്ക് നല്‍കുന്നത്. എന്നാല്‍ കോട്ടയം ട്രഷറിയില്‍ ഇത് എണ്ണായിരമായി ചുരുക്കിയിരിക്കുകയാണ്. ശമ്പള അക്കൗണ്ടുകളില്‍ നിന്നുള്ള പണം ആളുകള്‍ നേരിട്ടെത്തിയും പിന്‍വലിക്കുന്നുണ്ട്. ആവശ്യത്തിന് പണം ബാങ്കുകളിലും ട്രഷറികളിലുമെത്തിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്കും ആരംഭിച്ചു. പ്രതിസന്ധി തരണം ചെയ്യാന്‍ ആയിരം കോടി വീതം ബാങ്കുകളിലും ട്രഷറികളിലും എത്തിക്കാനാണ് നീക്കം.