പോലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മരണം കൊലപാതകമെന്ന് ആരോപണം; അമ്മയുടെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

single-img
29 November 2016

muhammad-roshan

തിരുവനന്തപുരം: മൂന്ന് വര്‍ഷം മുമ്പ് പോലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇടപ്പള്ളി അല്‍അമീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും എറണാകുളം എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വൈ ഷാജിയുടെ മകനുമായ മുഹമ്മദ് റോഷന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും സംസ്ഥാന ബാലാവകാശ കമ്മിഷനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഇതേ ആവശ്യവുമായി സമീപിക്കാനൊരുങ്ങുകയാണ്. ആലപ്പുഴ സ്വദേശിയായ ഷാജിയുടെയും ഓച്ചിറ സ്വദേശി എം സജിത മോളുടെയും ഏകമകനാണ് റോഷന്‍. 2013 ഡിസംബര്‍ 11നാണ് വിദ്യാര്‍ത്ഥിയെ കൊച്ചിയിലെ എആര്‍ ക്യാമ്പിനടുത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലെ വസതിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏഴ് മണിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ റോഷന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഇല്ലായിരുന്നെന്ന് കണ്ടെത്തിയതോടെയാണ് ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നിയത്. കൂടാതെ പോസ്റ്റുമോര്‍ട്ടത്തിലെയും ഇന്‍ക്വിസ്റ്റിലെയും ചില വസ്തുതാപരമായ തെറ്റുകളും ബന്ധുക്കളുടെ സംശയത്തിന്റെ ആക്കം കൂട്ടി.

ഇത് കൊലപാതകമാണെന്നതിന് യാതൊരു സംശയവുമില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും ഷാജിയുടെ സഹോദരീ ഭര്‍ത്താവും സിപിഎം പ്രവര്‍ത്തകനുമായ വൈ എം അന്‍സാരി ഇ വാര്‍ത്തയെ അറിയിച്ചു. അമ്മയുടെ രഹസ്യ ബന്ധം റോഷന്‍ കണ്ടുപിടിക്കുകയും തുടര്‍ന്നുണ്ടായ മല്‍പ്പിടിത്തത്തിനിടെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്‍സാരി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ അത് എവിടെയും ഹാജരാക്കാമെന്നുമാണ് ഇദ്ദേഹം ഇ വാര്‍ത്തയെ അറിയിച്ചിരിക്കുന്നത്.