സൗദിയില്‍ കേടായ വാഹനത്തിനുള്ളില്‍ മലയാളി യുവാവ് തണുത്ത് വിറച്ച് മരിച്ചു

single-img
29 November 2016

shihab

റിയാദ്: മലവെള്ളപ്പാച്ചിലില്‍ റോഡില്‍ നിന്ന് മാറി കേടായ വാഹനത്തിനുള്ളില്‍ മലയാളി യുവാവ് തണുത്ത് മരിച്ചു. മലപ്പുറം കരുവാരകുണ്ട് പുന്നക്കാട് സ്വദേശി എഴുത്തച്ചന്‍ കണ്ടി ഷിഹാബ് (32) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 165 കി.മീറ്റര്‍ അകലെ മറാത്തിന് സമീപം അല്‍ഖുവയ്യ റോഡിലാണ് സംഭവം. മറാത്ത് എത്തുന്നതിന് ഏകദേശം 20 കിലോമീറ്റര്‍ അകലെ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

റിയാദിലെ സ്വകാര്യ ടെക്‌സ്‌റ്റൈല്‍സില്‍ സെയില്‍സ്മാനായിരുന്ന ഷിഹാബ് തുണിത്തരങ്ങള്‍ മറ്റു കടകളില്‍ വിതരണം ചെയ്യുന്നതിനാണ് മിനി വാനില്‍ മറാത്തിലേക്ക് പോയത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ യുവാവ് ഓടിച്ച വാഹനം റോഡില്‍ നിന്ന് അല്‍പം തെന്നിമാറി ഓഫായി. തൊട്ടുമുന്നിലായി ഇന്തോനേഷ്യക്കാരന്‍ ഓടിച്ച ട്രക്കും കുടുങ്ങി കിടന്നിരുന്നു. ചുറ്റും വെള്ളവും കടുത്ത തണുപ്പും ഇരുട്ടുമായിരുന്നതിനാല്‍ ഇരുവര്‍ക്കും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാനായില്ല. മൊബൈലില്‍ റെയ്ഞ്ചുമില്ലായിരുന്നു. ഷിഹാബിന്റെ കൈയില്‍ തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വാഹനത്തില്‍ തന്നെ കിടന്ന ഷിഹാബിന് തണുപ്പ് കാരണം ഹൃദയ സ്തംഭനമുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ സുഹൃത്തുക്കളെ അറിയിച്ചു.

ഇന്തോനേഷ്യക്കാരന്റെ വാഹനത്തില്‍ പുതപ്പുണ്ടായിരുന്നതിനാല്‍ ഇയാള്‍ രാത്രി കിടന്നുറങ്ങി. തിങ്കളാഴ്ച രാവിലെ വാഹനം നിര്‍ത്തിയിട്ടതിന് കുറച്ചകലെ ടയര്‍ കത്തിച്ചിട്ടത് കണ്ടതിനാല്‍ തണുപ്പ് കാരണം അവശനായ ഇന്തോനേഷ്യക്കാരന്‍ ചൂട് കായാന്‍ പോയി. ഈ സമയം അതുവഴി വന്ന സൗദി പൗരന്‍ ഇയാള്‍ക്ക് ഭക്ഷണവും നല്‍കി. വാനില്‍ മറ്റൊരാള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സൗദി പൗരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാലു വര്‍ഷമായി ഷിഹാബ് സൗദിയില്‍ ജോലി ചെയ്യുന്നു. റിയാദില്‍ നിന്ന് സ്ഥിരമായി വാഹനമോടിച്ച് പോകുന്ന റൂട്ടാണിത്. സാധാരണ മറാത്തിലാണ് ഇയാള്‍ താമസിക്കാറുള്ളത്. അവിടെ എത്തുന്നതിന് മുമ്പാണ് ദുരന്തമുണ്ടായത്. ഭാര്യ: സലീന. രണ്ടു മക്കളുണ്ട്. മൃതദേഹം മറാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്