തൃശൂര്‍ കേരള വര്‍മ്മ കോളേജ് വനിതാ ഹോസ്റ്റലില്‍ മാംസാഹാര വിലക്ക്; വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

single-img
26 November 2016

 

sreekeralavarmacollege

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വനിതാ ഹോസ്റ്റലില്‍ മാംസാഹാര വിലക്ക്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് അത് നിഷേധിക്കുന്നത്.

ഇതുള്‍പ്പെടെയുള്ള ഹോസ്റ്റലിലെ കര്‍ശന നിയമങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. മൂന്നരയ്ക്ക് കോളേജ് വിട്ടാല്‍ നാല് മണിക്കകം ഹോസ്റ്റലില്‍ കയറണം, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയവയാണ് മറ്റ് കര്‍ശന നിയമങ്ങള്‍. മാംസാഹാരം ഹോസ്റ്റലില്‍ പാകം ചെയ്യാന്‍ നേരത്തെയും അനുവദിച്ചിരുന്നില്ലെങ്കിലും പുറത്തുനിന്നും വാങ്ങിക്കൊണ്ടുവന്ന് കഴിക്കുന്നതിന് വിദ്യര്‍ത്ഥിനികള്‍ക്ക് അനുമതിയുണ്ടായിരുന്നു. കോളേജിലെ വിഗ്രഹം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കോളേജിന് പുറത്ത് സ്ഥിതിചെയ്യുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹരത്തിന് വിലക്കില്ല. നേരത്തെ കോളേജിനുള്ളിലെ മാംസാഹാര വിലക്ക് വിവാദമായിരുന്നു. നേരത്തെ ആറ് മണിവരെ ഹോസ്റ്റലില്‍ തിരിച്ചു കയറാനുണ്ടായിരുന്ന അനുമതിയാണ് ഇപ്പോള്‍ വെട്ടിച്ചുരുക്കി നാല് മണിയാക്കിയത്. അതുപോലെ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത പിഴയാണ് അധികൃതര്‍ ഈടാക്കുന്നത്.

എന്നാല്‍ ഹോസ്റ്റലിന്റെ സുരക്ഷാ കാര്യങ്ങളില്‍ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിന് മാറ്റം വരണമെന്ന ആവശ്യമുന്നയിച്ചാണ് പെണ്‍കുട്ടികള്‍ ഹോസ്റ്റലിന് മുന്നില്‍ സമരം ആരംഭിച്ചത്. എസ്എഫ്‌ഐയുടെ പിന്തുണയോടെയാണ് സമരം.