കോവളത്ത് വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; ജപ്പാന്‍ സ്വദേശിനിയുടെ നില അതീവഗുരുതരം

single-img
26 November 2016

kovalam

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാന്‍ സ്വദേശിനിയാണ് ക്രൂരമായ പീഡിപ്പിക്കപ്പെട്ടത്. അതേസമയം സംഭവത്തില്‍ കര്‍ണാടക സ്വദേശി പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജ്ജന്‍ കുമാര്‍ അറിയിച്ചു. കര്‍ണാടക സ്വദേശിയായ തേജയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും കമ്മിഷണര്‍ അറിയിച്ചു.

ഗുരുതരാവസ്ഥയിലുള്ള യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജപ്പാന്‍ സ്വദേശിനി ചിക്ക കയാമയാണ് പീഡനത്തിനിരയായത്. രക്തസ്രാവത്തെത്തുടര്‍ന്നു കോവളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില രൂക്ഷമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ പ്രദേശവാസികളാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടക സ്വദേശി പിടിയിലായത്.

യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കോവളത്തെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ മുന്‍പും ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. നാടും നഗരവും കാണാനായി വിദേശത്ത് നിന്നുമെത്തുന്നവരെ സ്വദേശികള്‍ സ്വീകരിക്കുന്ന രീതി മാറേണ്ടിയിരിക്കുന്നു.