കള്ളപ്പണക്കാര്‍ക്കെതിരായ മോഡിയുടെ നിലപാട് പ്രഹസനം മാത്രം; സ്വിസ് ബാങ്കില്‍ 2018 മുതല്‍ അക്കൗണ്ട് തുറക്കുന്നവരുടെ വിവരങ്ങള്‍ മാത്രം ലഭ്യമാക്കാന്‍ കരാര്‍

single-img
25 November 2016

 

medi-john-schneide

വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും പ്രഹസനം മാത്രമെന്ന് വ്യക്തമാക്കി സ്വിറ്റ്‌സര്‍ലാന്‍ഡുമായി പുതിയ കരാര്‍ ഒപ്പുവച്ചു. കരാര്‍ അനുസരിച്ച് 2018 മുതല്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുറക്കുന്ന ഇന്ത്യക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാകും. അതേസമയം നിലവില്‍ സ്വിസ് ബാങ്കില്‍ നിക്ഷേപങ്ങളുള്ള കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഈ കരാര്‍ മുഖേന ലഭ്യമാകില്ല.

2018 മുതല്‍ അക്കൗണ്ട് തുറക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുമെങ്കിലും ഈ വിവരങ്ങള്‍ സ്വിസ് അധികൃതര്‍ 2019 സെപ്തംബര്‍ മുതല്‍ മാത്രമേ ഇന്ത്യയ്ക്ക് കൈമാറൂ. ഇന്നലെയാണ് ഇത് സംബന്ധിച്ച ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫൊര്‍മേഷന്‍(എഇഒഐ) ഒപ്പുവച്ചത്. കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളും പരസ്പരം വിവരങ്ങള്‍ കൈമാറും. എന്നാല്‍ 2018ന് മുമ്പുള്ള അക്കൗണ്ടുകളെ ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതൊരു വലിയ നീക്കമാണെന്ന് റെവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു. ഈ കരാര്‍ അനുസരിച്ച് 2018 മുതല്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ലഭിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ രഹസ്യാത്മക നിയമം അനുസരിച്ച് ബാങ്കിംഗ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും കള്ളപ്പണക്കാരായ ബിസിനസുകാരുടെയും ഇഷ്ടരാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. അതേസമയം തങ്ങളുടെ പൗരന്മാരുടെ ഇടപാടുകള്‍ സംബന്ധിച്ച് വിവരം പുറത്തുവിടണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.