ഇന്ത്യ വിചാരിച്ചാല്‍ പാക്കിസ്ഥാന് കുടിവെള്ളം പോലും കിട്ടില്ല; സിന്ധു നദിയിലെ വെള്ളം ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

single-img
25 November 2016

 

modi

ചണ്ഡീഗഡ്: സിന്ധുനദീജല കരാര്‍ അനുസരിച്ച് സിന്ധു നദിയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പഞ്ചാബിലെ ഭാട്ടിന്തയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സിന്ധൂ നദിയിലെ വെള്ളം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ജലക്ഷാമം പരിഹരിക്കാനായി പ്രത്യേത ടാസ്‌ക് ഫോഴ്സ് സര്‍ക്കാര്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്ഥാനിലേക്ക് പോകാന്‍ അനുവദിക്കില്ല, നമ്മുടെ കര്‍ഷകര്‍ക്ക് ആവശ്യമായ വെള്ളം കിട്ടാന്‍ ഏതറ്റം വരെ പോകാനും ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കള്ളനോട്ടിനെതിരെയും ദാരിദ്ര്യത്തിനെതിരെയും അഴിമതിക്കുമെതിരെയും പോരാടാന്‍ ഭരണകൂടത്തോട് പാക് ജനത ആവശ്യപ്പെടണമെന്നും മോഡി ആഹ്വാനം ചെയ്തു. ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ജലം പങ്കുവെയ്ക്കുന്ന സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കാന്‍ ഇന്ത്യ ഒരുങ്ങിയിരുന്നു.

1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. ജലം പങ്കുവയ്ക്കുന്നതിനായി നിരവധി വ്യവസ്ഥകളും ഉടമ്പടി നിര്‍ദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മറ്റും പരിഗണിച്ച് കരാര്‍ പുതുക്കേണ്ടതാണെന്ന അഭിപ്രായം ഇപ്പോള്‍ നിലവിലുണ്ട്. കരാര്‍ പ്രകാരം സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്ഥാനാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും വരള്‍ച്ചയില്‍ അകപ്പെടും.