കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ് ആനുകൂല്യം ബാങ്കുകള്‍ നിരസിച്ചു; വിദ്യാഭാസത്തിനായി ലോണെടുത്തവര്‍ വന്‍ പ്രതിസന്ധിയില്‍

single-img
25 November 2016

 

study-abroad-education-loan

കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ പലിശയിളവ് ആനുകൂല്യം പോലും ലഭിക്കാതെ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ പ്രതിസന്ധിയില്‍. നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലും ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുകയാണെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പയില്‍ ഇളവ് അനുവദിക്കണമെന്നും ബാങ്കുകളുടെ തിരിച്ചടവ് വ്യവസ്ഥകള്‍ സുതാര്യമാക്കണമെന്നും വായ്പയെടുത്തവരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

കോഴ്സ് പൂര്‍ത്തിയായിട്ട് ജോലി കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പലിശയിളവ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കളക്ടര്‍ക്കായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. അപേക്ഷകരില്‍നിന്ന് അര്‍ഹരായവരുടെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയാല്‍ സബ്സിഡി ബാങ്കിലെ വായ്പാ അക്കൗണ്ടില്‍ ലഭിക്കും. ഇതില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതി. കളക്ടര്‍ കൈമാറിയ അര്‍ഹരായ പല അപേക്ഷകര്‍ക്കും സബ്സിഡി ലഭിച്ചില്ല. അക്കൗണ്ടില്‍ സബ്സിഡി എത്തിയകാര്യം പല ബാങ്കുകളും മറച്ചുവെച്ചു. ഇതിനു ശേഷവും തിരിച്ചടവിനായി നിര്‍ബന്ധിച്ചുകൊണ്ട് നോട്ടീസ് അയച്ചുവെന്നാണ് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചത്. സബ്സിഡി പലിശയിലേക്ക് മാറ്റാതെ മൊത്തം കണക്കില്‍ വരവുവെച്ചതായും പരാതിയുണ്ട്. 14 ശതമാനം പലിശയാണ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ഈടാക്കുന്നത്. കോഴ്സ് പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണ് തിരിച്ചടവ് തുടങ്ങുന്നത്. ഇക്കാലയളവിലെ പലിശ മുതലിനോട് ചേര്‍ത്ത് കൂട്ടുപലിശ കണക്കാക്കിയാണ് ബാങ്കുകള്‍ തിരിച്ചടവിന് ആവശ്യപ്പെടുന്നത്. സഹകരണ ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് പലിശ സബ്സിഡി ലഭിച്ചിട്ടുമില്ല.

അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്തതുകാരണം വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ മറ്റെല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്ന് കൂട്ടായ്മക്കെത്തിയവര്‍ പറഞ്ഞു. ഇതുകാരണം പല വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന കോഴ്സിന് ചേരാന്‍ കഴിയാത്ത സ്ഥിതിയാണ്. പഠനം ഉപേക്ഷിച്ച് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിയെടുത്ത് കടംവീട്ടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. തിരിച്ചടവ് മുതലിലേക്കും പലിശയിലേക്കും എത്ര വരവ് വെച്ചെന്നകാര്യം ബാങ്കുകള്‍ മറച്ചുവെക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. മൊത്തത്തില്‍ ബാക്കിയുള്ള കണക്ക് മാത്രമാണ് ബാങ്ക് അയയ്ക്കുന്ന നോട്ടിസീലും റസീറ്റിലും കാണിക്കുന്നത്. ഇതിനാല്‍ കേന്ദ്രസബ്സിഡി എത്ര ലഭിച്ചുവെന്നതു പോലും പലര്‍ക്കും അറിയില്ല. ജപ്തിഭീഷണി കൂടിയായതോടെ പലരും ആത്മഹത്യാഘട്ടത്തിലാണെന്നും കൂട്ടായ്മക്കെത്തിയവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബാക്ക്‌വേഡ് ക്ലാസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തവരും സമാന അനുഭവം വിശദീകരിച്ചു.

വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യമന്ത്രി, കളക്ടര്‍ എന്നിവരെ ബോധ്യപ്പെടുത്താന്‍ കൂടകൂട്ടായ്മ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനും തീരുമാനിച്ചു. കെ.വിജയകുമാര്‍, പ്രകാശന്‍ കണ്ണാടിവെളിച്ചം, പി.മുകുന്ദന്‍, പി.പി രാമചന്ദ്രന്‍, എം.പി.ഗീത, എം.കൃഷ്ണന്‍, അനിത, മുഹമ്മദ് ഉളിയില്‍, ടി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.