പുതിയ ഇന്ത്യന്‍ നോട്ടുകള്‍ നിയമവിരുദ്ധമെന്ന് നേപ്പാള്‍; പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചു

single-img
25 November 2016

500-2000

നേപ്പാളില്‍ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ക്ക് നിരോധനം. പുതിയ 500, 2000 ഇന്ത്യന്‍ രൂപയുടെ നോട്ടുകളാണ് നേപ്പാളില്‍ നിരോധിച്ചത്. ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകള്‍ അനൗദ്യോഗികവും നിയമ വിരുദ്ധമാണെന്നാണ് നേപ്പാള്‍ രാഷ്ട്ര ബാങ്ക് നോട്ട് നിരോധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.

ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ വിനിമയ നിയമപ്രകാരം ഉത്തരവ് പ്രകടിപ്പിച്ചാല്‍ മാത്രമേ നിലവിലെ നോട്ടുകള്‍ സാധുവാകുകയുള്ളൂവെന്ന് എന്‍ആര്‍ബി വക്താവ് നാരായണന്‍ പൗഡേല്‍ പറഞ്ഞതായി നേപ്പാളി മാധ്യമം ഓണ്‍ലൈന്‍ ഖബ്ബര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മുന്നിലിരുത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. നോട്ട് പിന്‍ലിക്കല്‍ തീരുമാനത്തെ ‘നിയമവിധേയമായ വിഡ്ഢിത്തം’ എന്നാണ് മന്‍മോഹന്‍ സിങ് പരിഹസിച്ചത്. സംഘടിത കൊള്ളയാണ് ഇതിലൂടെ നടക്കുന്നതെന്നും ധനകാര്യ മാനേജ്‌മെന്റിലെ അതിഭീമ പരാജയമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്റെ വാക്കുകള്‍ക്ക് മുന്നില്‍ പരുങ്ങിയ മോഡി ഉച്ചഭക്ഷണത്തിനായി സഭയില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയുണ്ടായ മോഡിയുടെ അസാന്നിദ്ധ്യം സഭയില്‍ ബഹളത്തിനിടയാക്കി.