കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു; രണ്ട് ഭീകരരെ വധിച്ചു

single-img
25 November 2016

 

kashmir-9

കാശ്മീര്‍: കാശ്മീരിലെ ബന്ദിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം പ്രദേശത്ത് കൂടുതല്‍ ഭീകരപ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൈന്യത്തെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്.

ബാരമുള്ളയിലും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലുകളില്‍ പുല്‍വാമ ജില്ലയില്‍ ഒരു ഭീകരനെയും ബന്ദിപോരയില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചു. ഇതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടല്‍ നടന്നത്.

ബന്ദിപോരയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈവശം പുതിയ രണ്ടായിരം രൂപ നോട്ടുകളും ഉണ്ടായിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗങ്ങളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ കയ്യില്‍ നിന്നും എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കിന് ശേഷം തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.