രണ്ടായിരം രൂപയുടെ ആദ്യ കള്ളനോട്ട് ഇറങ്ങിയത് ഗുജറാത്തില്‍; ബാങ്കുകളില്‍ യഥാര്‍ത്ഥ നോട്ട് പോലും ഇറങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ നാട്ടില്‍ കള്ളനോട്ട്

single-img
23 November 2016

fake-note

റിസര്‍വ് ബാങ്ക് അച്ചടിച്ച യഥാര്‍ത്ഥ രണ്ടായിരം രൂപയുടെ നോട്ട് ബാങ്കുകളില്‍ പോലും എത്തിയില്ല അതിന് മുമ്പേ കള്ളനോട്ട് ഗുജറാത്തില്‍ നിന്നും ലഭിച്ചു. കള്ളനോട്ടും കള്ളപ്പണവും ഇല്ലാതാക്കുക എന്ന പ്രഖ്യാപനത്തോടെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ റദ്ദാക്കി പകരം രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ പുതിയ പതിപ്പ് ഇറക്കിയ പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്നാണ് ആദ്യ കള്ളനോട്ട് കണ്ടെടുത്തത് എന്നത് ശ്രദ്ധേയമാണ്.

കേരളത്തില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും രണ്ടായിരം രൂപയുടെ കളര്‍ ഫോട്ടോ കോപ്പി പ്രിന്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കള്ളനോട്ട് പിടിച്ചെടുക്കുന്നത്. ഗുജറാത്തിലെ ഒരു മുറുക്കാന്‍ കച്ചവടക്കാരനാണ് ആദ്യ കള്ളനോട്ട് ലഭിച്ചത്. ഈ നോട്ടില്‍ രാഷ്ട്രപിതാവിന്റെ വാട്ടര്‍മാര്‍ക്ക് ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഫോട്ടോ കോപ്പി എടുക്കുന്ന നോട്ടുകളില്‍ ചിത്രം വാട്ടര്‍മാര്‍ക്ക് ചെയ്തല്ല ലഭിക്കുന്നത്. അതിനാലാണ് ഇത് ആദ്യ കള്ളനോട്ടാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. കൂടാതെ ഈ നോട്ടിന് യഥാര്‍ത്ഥ നോട്ടിനേക്കാള്‍ നിറവും കുറവാണ്.

ജഡ്ജസ് ബംഗ്ലാവ് റോഡിലെ ബാങ്കിന് സമീപം കട നടത്തുന്ന വാന്‍ഷ് ബരോട്ട് എന്നയാള്‍ക്കാണ് കള്ളനോട്ട് ലഭിച്ചത്. ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന പലരും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാനും മറ്റും കടയിലെത്തുന്നതിനാല്‍ കള്ളനോട്ട് തിരിച്ചറിയാന്‍ ആദ്യം ഇദ്ദേഹത്തിന് സാധിച്ചില്ല. ഇന്നലെ വൈകുന്നേരം ദിവസത്തെ വരുമാനം എണ്ണി നോക്കിയപ്പോഴാണ് കള്ളനോട്ട് തിരിച്ചറിഞ്ഞത്.