അധ്വാനിച്ചുണ്ടാക്കിയ പണമെടുക്കാന്‍ വന്നവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം; ബാങ്കിലെത്തിയവരെ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു

single-img
22 November 2016

note-beat

അധ്വാനിച്ചുണ്ടാക്കിയ പണമെടുക്കാന്‍ ബാങ്കിലെത്തിയ സാധാരണക്കാരെ പോലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മദ്യശാലയ്ക്ക് മുന്നിലും സിനിമാ ശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ലകാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നകതില്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ വൈറലാക്കിയത്.

ഉത്തരേന്ത്യയിലെ ഏതോ ഒരു സ്ഥലത്ത് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ വടി ഉപയോഗിച്ച് ഉദ്യോഗസ്ഥന്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് ഏത് പ്രദേശത്ത് നടന്ന സംഭവമാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഉദ്യോഗസ്ഥന്റെ അടിയില്‍ വടി ഒടിയുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. അതില്‍ നിന്നും അടിയുടെ ശക്തി എത്രമാത്രമാണെന്ന് ഊഹിക്കാം. ബാങ്കിന്റെ ഗ്രില്‍ വാതിലിനുള്ളിലേക്ക് ഒരാളെ അടിച്ച് കയറ്റുന്നതും തിരക്കുമൂലം ക്യൂവില്‍ നിന്നും തെന്നിപ്പോകുന്നവരെ തല്ലി തിരികെ ക്യൂവില്‍ കയറ്റുന്നതിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്.

കക്കാനോ ഭിക്ഷ യാചിക്കാനോ അല്ല അധ്വാനിച്ചുണ്ടാക്കിയ കാശ് വാങ്ങാനാണ് ഈ പാവങ്ങള്‍ അടികൊള്ളുന്നത് എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടെ ലയാളികള്‍ ഇതിനെ മോഹന്‍ലാലിന്റെ ഇന്നലത്തെ ബ്ലോഗ് പോസ്റ്റുമായി ബന്ധപ്പെടുത്തി പ്രചരിക്കാനും ആരംഭിച്ചു. വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ അധികവും മോഹന്‍ലാലിനുള്ള വിമര്‍ശനങ്ങളാണ്.