മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ കുടുങ്ങും; കള്ളപ്പണം വെളുപ്പിക്കുന്നവരെ കാത്തിരിക്കുന്നത് ഏഴ് വര്‍ഷം കഠിന തടവ്

single-img
21 November 2016

 

imprisonment

മറ്റുള്ളവരുടെ അക്കൗണ്ട് വഴി കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നോക്കുന്നവരെ കാത്തിരിക്കുന്നത് ഏഴ് വര്‍ഷം കഠിന തടവാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതില്‍ അമ്പത് കോടിയോളം രൂപ പിടിച്ചെടുത്തതായാണ് അറിയുന്നത്. നവംബര്‍ എട്ടിന് ശേഷം വന്‍തുകയുടെ നിക്ഷേപങ്ങള്‍ ഉണ്ടായ അക്കൗണ്ടുകളാണ് പരിശോധന നടത്തുന്നത്. മറ്റാരുടെയെങ്കിലും പണമാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്ന് കണ്ടെത്തിയാല്‍ 1988ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ പ്രകാരം അക്കൗണ്ട് ഉടമയ്‌ക്കെതിരെയും കേസെടുക്കും. ഇത്തരം തുക കണ്ടുകെട്ടാനും നിക്ഷേപകനും അയാള്‍ക്ക് പണം നല്‍കിയ ആളിനുമെതിരെ കേസെടുക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളാണ് മുഖ്യമായും പരിശോധിക്കുക. അതേസമയം ബാങ്ക് അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്ന എല്ലാ അക്കൗണ്ടുകളും പരിശോധന വിധേയമാക്കും. പുതിയ നോട്ടുകള്‍ മടക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ മറ്റാരുടെയെങ്കിലും പക്കലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അത്തരം ഇടപാടുകളെല്ലാം ബിനാമി വിനിമയത്തിന്റെ നിര്‍വചനത്തില്‍ പെടുത്തും.

പണം നിക്ഷേപിക്കുന്നയാളെ സ്വത്തിന്റെ അനുഭവാവകാശമുള്ള ഉടമയായും അക്കൗണ്ട് ഉടമയെ ബിനാമിയായും പരിഗണിച്ചാണ് കേസെടുക്കുക. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുവര്‍ക്കും ഒന്ന് മുതല്‍ ഏഴ് വര്‍ഷം വരെ കഠിനതടവ് ശിക്ഷയായി ലഭിക്കും. ഈ തുക മുഴുവന്‍ കണ്ടുകെട്ടാനും കുറ്റക്കാര്‍ക്ക് 25 ശതമാനം പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.