ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഞാനീ ജയിലിലെത്തിയത്, ഒറ്റപ്പെടലിന്റെയും കണ്ണീരിന്റെയും കറുത്ത വര്‍ഷങ്ങള്‍.. രാജീവ് ഗാന്ധി വധക്കേസിലെ ഒന്നാംപ്രതി നളിനിയുടെ ആത്മകഥയെത്തുന്നു

single-img
20 November 2016

 

Support Evartha to Save Independent journalism

nalini
തമിഴ്നാട്ടിലെ വെല്ലൂര്‍ ജയിലില്‍ ഇരുപത്തഞ്ചാം വര്‍ഷം തടവുകാലം പൂര്‍ത്തിയാക്കുന്ന നളിനി ആത്മകഥയെഴുതുകയാണ്. അഞ്ഞൂറു പേജുളള ആത്മകഥ നവംബര്‍ 24ന് പ്രസിദ്ധീകരിക്കും. തന്റെ ജീവിതവും മോഹവും അഭിലാഷവും വിധിയും കൊലപാതകത്തിന്റെ സാഹചര്യങ്ങളുമെല്ലാം വിശദമായി ആത്മകഥയില്‍ പ്രതീക്ഷിക്കാം. പ്രണയവും ജീവിതവും കൊലപാതകവും രക്ഷപെടാനുളള ശ്രമവും പിടിയിലായതും തടവറയിലെ പീഡനങ്ങളും അതിനിടയിലെ പ്രസവവുമെല്ലാം നളിനി തുറന്നെഴുതുന്നുണ്ട്.

നളിനി രാജീവ് ഗാന്ധി വധക്കേസിലെ ഒന്നാം പ്രതിയായത് വിധിയുടെ കളി. പത്മാവതിയും മകന്‍ ഭാഗ്യനാഥനും ആ കേസില്‍ വധശിക്ഷ ലഭിച്ച പ്രതികളായി. ഇവരുള്‍പ്പെടെ ആദ്യത്തെ ഇരുപത് പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ചത് വധശിക്ഷ. അപ്പീല്‍ക്കോടതി മൂന്നുപേരുടേതൊഴിച്ച് മറ്റുളളവരുടെയെല്ലാം ശിക്ഷ ജീവപര്യന്തമാക്കി. ഏറ്റവും ദൈര്‍ഘ്യമേറിയ കാലം തടവുശിക്ഷയനുഭവിച്ച വനിതയെന്ന കുപ്രസിദ്ധിയ്ക്കുടമയാണ് നളിനി.

വിധിന്യായത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞാണ് നളിനിയുടെ വധശിക്ഷ ജസ്റ്റിസ് കെ ടി തോമസ് ഇളവു ചെയ്തത്. അച്ഛന്റെ വധശിക്ഷ ശരിവെച്ച കോടതി അമ്മയെയും തൂക്കുമരത്തിലേയ്ക്ക് പറഞ്ഞയച്ച് ഒരു പിഞ്ചുകുഞ്ഞിന് അനാഥത്വം അടിച്ചേല്‍പ്പിക്കുന്നില്ലെന്നായിരുന്നു ആ പരാമര്‍ശം.

കൊലയില്‍ നേരിട്ടു പങ്കെടുത്ത ഗൂഢാലോചനക്കാരില്‍ ജീവനോടെ അവശേഷിയ്ക്കുന്ന ഏക വ്യക്തിയെന്നാണ് കുറ്റപത്രത്തില്‍ നളിനിയ്ക്കു നല്‍കുന്ന വിശേഷണം. എംഎ ബിരുദധാരിണിയായ നളിനി അറസ്റ്റിലാവുമ്പോള്‍ പ്രായം 27. രാജീവ് ഗാന്ധിയെ വധിക്കാന്‍ പ്രഭാകരന്‍ തിരഞ്ഞെടുത്ത നാല്‍വര്‍ സംഘത്തിലെ അംഗമായ മുരുകനുമായി പ്രണയത്തിലായതോടെയാണ് നളിനി എല്‍ടിടിഇ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ഗൂഢാലോചനകള്‍ക്കെല്ലാം വേദിയായത് ചെന്നൈയിലെ വില്ലിവാക്കത്തുളള നളിനിയുടെ വീടായിരുന്നു.

വധത്തിനു ശേഷം നളിനിയെയും ശുഭയെയും ശിവരശന്‍ ഒരു ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടു. പിന്നെ രക്ഷപ്പെടാനുളള പരക്കം പാച്ചില്‍. തിരുപ്പതിയിലെത്തി മുരുകനുമായുളള വിവാഹം. ശ്രീലങ്കയിലേയ്ക്ക് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1991 ജൂണ്‍ 11ന് പത്മാവതിയെയും മകന്‍ ഭാഗ്യനാഥനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നളിനിയുടെ പങ്ക് അവര്‍ തുറന്നു പറഞ്ഞു. രക്ഷപ്പെടാനാവാതെ വലഞ്ഞ നളിനിയെയും മുരുകനെയും ജൂണ്‍ 14ന് ഉച്ചയോടെ വില്ലുപുരത്തിനടുത്തുവെച്ച് ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. അറസ്റ്റിലാവുമ്പോള്‍ ഗര്‍ഭിണിയായിരുന്നു നളിനി.

സംഭവ ബഹുലമായ ഈ ജീവിതമാണ് നളിനി തുറന്നെഴുതുന്നത്. എന്നാല്‍ രാജീവ് വധം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നും പുസ്തകത്തില്‍ ഇല്ല എന്നാണ് സൂചനകള്‍. 2008ല്‍ രാജീവിന്റെ മകള്‍ പ്രിയങ്കയുമായി നടന്ന 90 മിനിട്ടു രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചുളള വിശദവിവരങ്ങള്‍ പുസ്തകത്തിലുണ്ട്. രാജീവിനെ വധിക്കാനുളള പദ്ധതി തനിക്കോ ഭര്‍ത്താവിനോ അറിയുമായിരുന്നില്ലെന്ന് താന്‍ പ്രിയങ്കയോടു പറഞ്ഞുവെന്നാണ് നളിനി പറയുന്നത്. ഈ ആത്മകഥ തന്നെയാണ് തന്റെ ജീവിതം എന്നാണ് നളിനി പറഞ്ഞ് വെയ്ക്കുന്നത്.