എം എം മണി മന്ത്രി സഭയിലേക്ക്; വൈദ്യുതിയും ദേവസ്വവും വകുപ്പുകള്‍

single-img
20 November 2016

 

mm-mani

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എം മണി മന്ത്രിസഭയിലേക്ക്. വൈദ്യുതി, ദേവസ്വം വകുപ്പുകളാണ് മണി കൈകാര്യം ചെയ്യുക. നിലവില്‍ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം, സഹകരണം വകുപ്പുകളായിരിക്കും ഇനി കൈകാര്യം ചെയ്യുക.

ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ മന്ത്രിസഭയിലുണ്ടായ ഒഴിവിലാണ് മണിയുടെ സ്ഥാനാരോഹണം. ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിന്റെ ചുമതല ഇനിമുതല്‍ എ സി മൊയ്ദീനാണ്. മൊയ്ദീന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണ് കടകംപള്ളിയ്ക്ക് കൈമാറിയിരിക്കുന്നത്. ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന കായികവകുപ്പും മൊയ്ദീന് തന്നെയാണ്.

ഇടുക്കി ജില്ലയിലെ പാര്‍ട്ടിയുടെ നെടുന്തൂണായ മണി ഈ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ മന്ത്രിയാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തഴയപ്പെടുകയായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ജയരാജന്‍ രാജിവച്ച് ഏറെ നാളുകള്‍ക്ക് ശേഷമാണ് പകരം മന്ത്രി ചുമതലയേല്‍ക്കുന്നത്. എ കെ ബാലനാണ് നിലവില്‍ മന്ത്രിസഭയിലെ രണ്ടാമന്‍.

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന താല്‍പര്യങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും തീരുമാനം പുറത്തുവന്നതോടെ നിയുക്ത മന്ത്രി എം എം മണി പ്രതികരിച്ചു.