സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സമരത്തിനു തുടക്കം

single-img
18 November 2016

pinarayi-4

സ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സത്യഗ്രഹ സമരം തുടങ്ങി. ഇന്നു രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നിലാണ് സത്യഗ്രഹം.കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രനീക്കത്തോട് നാട് ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ്. സഹകരണമേഖലയെ തകര്‍ക്കാനൊരുമ്പെടുന്ന ശക്തികളെ നാട് ഒറ്റക്കെട്ടായി തകര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രകടനമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള സംഘം റിസർവ് ബാങ്കിന് മുന്നിലെത്തിയത്. ധാരാളം പ്രവർത്തകരും മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ഒപ്പമുണ്ടായിരുന്നു.

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ ഇടത് പാർട്ടികൾ ശക്‌തമായി നേരിടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ ജനങ്ങളെയും അവരുടെ പ്രശ്നങ്ങളെയും മുന്നിൽ കണ്ടുവേണം സർക്കാരുകൾ തീരുമാനമെടുക്കാൻ. നോട്ടു പിൻവലിക്കൽ തീരുമാനം ജനങ്ങളെ പെരുവഴിയിലാക്കി. ഇപ്പോൾ സാധാരണക്കാരന് ആശ്രയ കേന്ദ്രങ്ങളായ സഹകരണ മേഖലയെയും തകർക്കാനുള്ള നീക്കം കേന്ദ്രം തുടങ്ങിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര പോലുള്ള വടക്കൻ സംസ്‌ഥാനങ്ങളിലും സഹകരണ പ്രസ്‌ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരന് എന്നും താങ്ങായി നിൽക്കുന്ന അത്തരം സ്‌ഥാപനങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ഒരുപോലെ പ്രക്ഷോപങ്ങളുമായി തെരുവിൽ ഇറങ്ങുമ്പോൾ പ്രധാനമന്ത്രി അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയാറാകണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

അതിനിടെ മന്ത്രിമാരും തിരുവനന്തപുരം റിസർവ് ബാങ്കിന് മുന്നിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നോട്ട് പിൻവലിച്ചതിലൂടെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. തലതിരിഞ്ഞ നയമാണ് നരേന്ദ്ര മോദി സർക്കാരിന്റേത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി.