സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കി; കുട്ടികളുടെ ആശുപത്രിക്കു നേരെ നടന്ന വ്യോമാക്രമണത്തില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

single-img
17 November 2016

 

syria-aleppo-bombardment-1116-restricted-exlarge-169

അലപ്പോ: സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. സിറിയയിലെ വിമത ശക്തികേന്ദ്രമായ അലപ്പോയില്‍ ബുധനാഴ്ച കുട്ടികളുടെ ആശുപത്രിക്കു നേരെ നടന്ന വ്യോമാക്രമണത്തില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു.

ബോംബാക്രമണത്തില്‍ ആശുപത്രികെട്ടിടം തകര്‍ന്നു. ബ്ലഡ് ബാങ്ക്, ആംബുലന്‍സുകള്‍ എന്നിവയ്ക്കു നേരെയും സിറിയന്‍ സൈന്യം ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് സിറിയന്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ റഷ്യ ഏര്‍പ്പെടുത്തിയിരുന്ന മൂന്നാഴ്ചത്തെ മോറട്ടോറിയം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമണം.

വിമതരുടെ ആയുധസംഭരണശാലകള്‍, താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വിമതര്‍ക്കെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് റഷ്യ അറിയിച്ചു.

എന്നാല്‍ പടിഞ്ഞാറന്‍ അലപ്പോയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആലപ്പോയില്‍ നടക്കുന്ന ബോംബാക്രമണങ്ങളിലും ഏറ്റുമുട്ടലിലും 80 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.